ജെന്നിഫർ ബാരെറ്റോ കുടുംബത്തിനൊപ്പം

 
World

മിസ് യൂണിവേഴ്സ് വിവാഹിതയാണ്, അമ്മയാണ്; ചരിത്രം രചിച്ച് ജെന്നിഫർ

പെനെലപ്പി എന്നു പേരുള്ള മകളാണ് 27കാരിയായ ജെന്നിഫറിനുള്ളത്.

നീതു ചന്ദ്രൻ

ആഴ്ചകളോളം നീണ്ടു നിന്ന മത്സരങ്ങൾക്കൊടുവിൽ മിസ് പ്യൂർട്ടോ റിക്കോ ജെന്നിഫർ ബാരെറ്റോ മിസ് യൂണിവേഴ്സ് കിരീടം ചൂടിയിരിക്കുകയാണ്. ഏഴു വയസുള്ള കുഞ്ഞിന്‍റെ അമ്മ കൂടിയാണ് ജെന്നിഫർ. ആദ്യമായി വിശ്വസുന്ദരി കിരീടം ചൂടുന്ന അമ്മ എന്ന ചരിത്രം കൂടി സൃഷ്ടിച്ചാണ് ജെന്നിഫർ മത്സരവേദി വിടുന്നത്. ഇസബേലയിൽ നിന്നുള്ള സൈനികൻ യാൻ കാർലോസ് ബാരെറ്റോയാണ് ജെന്നിഫറിന്‍റെ ഭർത്താവ്. പെനെലപ്പി എന്നു പേരുള്ള മകളാണ് 27കാരിയായ ജെന്നിഫറിനുള്ളത്.

സൈക്കളോജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലുമായി രണ്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് പ്രതിരോധ സേനാ ഡിപ്പാർട്മെന്‍റിലെ പ്രിവെൻഷൻ സ്പെഷ്യലിസ്റ്റാണ് ജെന്നിഫർ. വായനയും വോളിബോളുമാണ് ഇഷ്ടങ്ങൾ. പ്യൂർട്ടോ റിക്കോയിലെ സാമൂഹിക പ്രവർത്തനങ്ങളിലും ജെന്നിഫർ സജീവമാണ്.

2025 മുതലാണ് ജെന്നിഫർ വിശ്വസുന്ദരി കിരീടത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അഞ്ച് അടി പതിനൊന്ന് ഇഞ്ച് ഉയരമുള്ള ജെന്നിഫർ മത്സരത്തിന്‍റെ ഭാഗമായി 32 കിലോഗ്രാമോളം ഭാരമാണ് കുറച്ചത്. മിസ് യൂണിവേഴ്സ് പ്യൂർട്ടോ റിക്കോ മത്സരത്തിൽ സാൻ സെബാസ്റ്റ്യാനോയെ പ്രതിനിധീകരിച്ചാണ് ജെന്നിഫർ മത്സരിച്ചത്.

2023 മുതലാണ് വിവാഹിതർ, ഗർഭിണികൾ എന്നിവർക്ക് മത്സരിക്കാം എന്ന രീതിയിൽ മിസ് യൂണിവേഴ്സ് മത്സരത്തിന്‍റെ നിയമങ്ങളിൽ മാറ്റം വരുത്തിയത്. അതിനു മുൻപു വരെയും അവിവാഹിതരായ കുട്ടികളില്ലാത്ത സ്ത്രീകൾക്കു മാത്രമാണ് മത്സരിക്കാൻ സാധിച്ചിരുന്നത്.