നെതന്യാഹു
file photo
ഇസ്രായേലിന്റെ നിലനിൽപ്പിന് തീവ്രവാദ ഇസ്ലാമിസം വലിയ ഭീഷണിയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനും അതിന്റെ പ്രോക്സി സംഘങ്ങളും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിക പാർട്ടികളും ഇസ്രായേലിന്റെ സുരക്ഷയ്ക്കും ജൂത സ്വത്വത്തിനും വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭീഷണികളെ നേരിടാൻ തന്റെ നേതൃത്വത്തിൽ വിശാലമായ ദേശീയ സർക്കാർ രൂപീകരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികളുമായി താരതമ്യം ചെയ്താണ് ഇസ്രായേലും സമാനമായ ഭീഷണി നേരിടുന്നതെന്ന് നെതന്യാഹു പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇറാനിലൂടെയും അതിന്റെ പ്രോക്സി സംഘടനകളിലൂടെയും രാജ്യത്തിനകത്തുള്ള തീവ്രവാദ അനുകൂല രാഷ്ട്രീയ ശക്തികളിലൂടെയും ഭീഷണി ഉയരുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം
തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ സഹായത്തോടെ അധികാരത്തിലെത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. രക്തസാക്ഷിത്വത്തെ മഹത്വവൽക്കരിക്കുന്നതും ഹമാസിനെ ജീവകാരുണ്യ സംഘടനയായി വിശേഷിപ്പിക്കുന്നതുമായ പ്രസ്താവനകൾ ചില രാഷ്ട്രീയ പ്രതിനിധികൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഹമാസിന്റെ നുഖ്ബ സേനാംഗങ്ങൾക്ക് തിരഞ്ഞെടുപ്പ് നേട്ടങ്ങൾ സമർപ്പിച്ചതായും അദ്ദേഹം വിമർശിച്ചു.
ഇത്തരം രാഷ്ട്രീയ ശക്തികളെ ആശ്രയിക്കുന്ന സർക്കാർ രാജ്യത്തിന്റെ ശത്രുക്കളെ നേരിടുന്നതിൽ പരാജയപ്പെടുമെന്ന് മാത്രമല്ല, രാജ്യത്തിനകത്തുതന്നെ ഭിന്നത സൃഷ്ടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.ഇടതുപക്ഷ പ്രതിപക്ഷം വിശാലമായ ദേശീയ സർക്കാരെന്ന നിർദേശം നിരാകരിച്ച്, ഇസ്ലാമിക പാർട്ടികളുടെ പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ താൽപ്പര്യത്തേക്കാൾ രാഷ്ട്രീയ താൽപ്പര്യത്തിനാണ് പ്രതിപക്ഷം മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുണ്ടായെന്ന് ആരോപണം
ഇസ്രായേലിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ വിദേശ രാജ്യങ്ങൾ വൻതോതിൽ പണം ചെലവഴിച്ചെന്ന ഗുരുതരമായ സംശയവും നെതന്യാഹു ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് അന്വേഷണം നടത്തണമെന്നും അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനായ ജസ്റ്റിസ് നൊവാം സോൾബെർഗ് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിച്ച് യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നെതന്യാഹു പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം.തിരഞ്ഞെടുപ്പുകളുടെ പരിശുദ്ധിയാണ് ജനാധിപത്യത്തിന്റെ അടിത്തറ. നാം അതിനെ സംരക്ഷിക്കണം, നമ്മുടെ രാജ്യത്തെയും സംരക്ഷിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു
പ്രസിഡന്റ് ഐസക് ഹെർസോഗ് തിരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിച്ച് പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രീയ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാൻ കഴിയുന്ന നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണ് അടുത്ത നടപടി.
നവംബർ നാലിന് പുറത്തുവിട്ട വീഡിയോ പ്രസംഗത്തിലൂടെയാണ് നെതന്യാഹു തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ദേശീയ സുരക്ഷയും തീവ്രവാദ ഭീഷണിയും മുൻനിർത്തി രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമായാണ് അദ്ദേഹത്തിന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്.