കരടിയുടെ കടിയേറ്റ് മൊബൈൽ പൊട്ടിത്തെറിച്ചു; 15 വയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മോസ്കോ: റഷ്യയിൽ കരടിയുടെ ആക്രമണത്തിനിരയായ 15കാരന് രക്ഷയായത് മൊബൈൽ ഫോൺ. കരടിയുടെ കടിയേറ്റ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതോടെയാണ് കുട്ടിക്ക് രക്ഷപെടാനായത്. റഷ്യയിലെ അൽത്തായ് മേഖലയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കാടിനു സമീപമുള്ള ഉൾഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് കുട്ടി കരടിയുടെ മുന്നിൽ പെട്ടത്. ഉടൻ തന്നെ മരത്തിൽ കയറി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും അതിനു മുൻപേ കരടി കുട്ടിയെ പിടികൂടിയിരുന്നു. ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ പാന്‍റിന്‍റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ കടിയേറ്റു.
ഉടൻ തന്നെ ഫോണിലെ ലിഥിയം- അയേൺ ബാറ്ററി കടുത്ത സമ്മർദം മൂലം പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ഭയന്നു പോയ കരടി കുട്ടിയെ വിട്ട് കാട്ടിലേക്ക് ഓടി രക്ഷപെട്ടു. കരടിയുടെ ആക്രമണം മൂലമുള്ള പരുക്കും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിന്‍റെ പൊള്ളലും മൂലം കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കുട്ടിയുടെ കഴുത്ത്, തല, മുഖം എന്നിവിടങ്ങളിലെല്ലാം പരുക്കേറ്റിട്ടുണ്ട്. അപകടകാരിയായ കരടിയെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉൾക്കാട്ടിൽ തീ പടർന്നതു കൊണ്ടായിരിക്കാം കരടി ജനവാസമേഖലയിൽ എത്തിയതെന്നാണ് അധികൃതരുടെ നിഗമനം.