ബെഞ്ച് പ്രസ് ചെയ്യുന്ന മംഗോളിയൻ പ്രസിഡന്‍റ് ഉഖ്നാഗീൻ ഖുറെൽസുഖ്
ഉലാൻബത്തർ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് മംഗോളിയൻ പ്രസിഡന്‍റ് ഉഖ്നാഗീൻ ഖുറെൽസുഖ്. പ്രൊഫഷണൽ ബോഡി ബിൽഡർമാരുടെ രീതിയിൽ അനായാസം ബെഞ്ച് പ്രസ് ചെയ്താണ് പ്രസിഡന്‍റ് വൈറലായത്. 100 കിലോ ഭാരം 20 തവണയാണ് ഉഖ്നാഗീൻ ഖുറെൽസുഖ് ബെഞ്ച് പ്രസ് ചെയ്തത്.
സൈനിക ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും മുന്നിൽ വച്ച് 58കാരനായ പ്രസിഡന്‍റിന്‍റെ ബെഞ്ച് പ്രസ് അരങ്ങേറിയത്. സ്യൂട്ട് ജാക്കറ്റ് അഴിച്ചശേഷം ബെഞ്ചിൽ കിടന്നാണ് ഖുറെൽസുഖ് 100 കിലോ ഭാരമെടുത്തത്. വളരെ അനായാസമായാണ് പ്രസിഡന്‍റ് ഭാരം ഉയർത്തിയത്. സമീപത്തുണ്ടായിരുന്ന സൈനികർ പ്രസിഡന്‍റിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2021 മുതൽ മംഗോളിയൻ പ്രസിഡന്‍റാണ് ഖുറെൽസുഖ്. മുൻ സൈനിക ഉദ്യോഗസ്ഥനായ ഇദ്ദേഹം ബോഡി ബിൽഡിങ്ങിലും ആയോധനകലകളിലും പരിശീലനം നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് മംഗോളിയൻ പീപ്പിൾസ് ആർമിയിൽ സേവനം അനുഷ്ഠിച്ചിരുന്നു.
മംഗോളിയയിലെ ഹാർലി-ഡേവിഡ്‌സൺ ആരാധകരുടെ ക്ലബ്ബിന്‍റെ സ്ഥാപകൻ കൂടിയാണ് ഖുറെൽസുഖ്. പ്രസിഡന്‍റ് 100 കിലോ ബെഞ്ച് പ്രസ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.