അശോക് സോമസുന്ദരം
ബെന്റൺവിൽ (അർകാൻസ): ബെന്റൺവില്ലിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ അശോക് സോമസുന്ദരവും ഇ-ബൈക്ക് യാത്രികനായ ജേക്കബ് സ്റ്റാലിയും കൊല്ലപ്പെട്ടു. അശോകിനൊപ്പം കാറിലുണ്ടായിരുന്ന ഒൻപതു വയസുള്ള മകൾക്കും നാലു വയസുള്ള മകനും പരിക്കേറ്റു. മകൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് കുടുംബത്തിനു വേണ്ടി ധനസമാഹരണം നടത്തുന്ന സംഘാടകർ അറിയിച്ചു. എസ്ഡബ്ല്യു 14ാം സ്ട്രീറ്റും ടൺബ്രിഡ്ജ് ഡ്രൈവും ചേരുന്ന കവലയിലാണ് അപകടം. ഹാവിയർ എഡ്ഗാർഡോ റെയസ് ഒറെയാന എന്ന 22കാരൻ ഓടിച്ച വാഹനം അമിത വേഗത്തിൽ ചുവപ്പു സിഗ്നൽ മറി കടന്ന് അശോകിന്റെ കാറിൽ നേരിട്ട് ഇടിച്ചു എന്നാണ് ദൃക്സാക്ഷികൾ പൊലീസിനു നൽകിയ മൊഴി.
ഇടിയുടെ ആഘാതത്തിൽ അശോകിന്റെ കാർ സ്റ്റാലി സഞ്ചരിച്ചിരുന്ന ഇ-ബൈക്കിൽ ഇടിച്ചു. സ്റ്റാലി സംഭവസ്ഥലത്തും അശോക് റോജേഴ്സിലെ മേഴ്സി ആശുപത്രിയിൽ ശനിയാഴ്ച രാത്രിയും മരിച്ചു. അശോകിന്റെ ഭാര്യ സത്യ ഗോപാലിനെയും മക്കളെയും സഹായിക്കാൻ നോർത്ത് വെസ്റ്റ് ആർക്കൻസോ ഇന്ത്യൻ സമൂഹം ഗോ ഫണ്ട് മീ വഴി ധനസമാഹരണം ആരംഭിച്ചു. മകളുടെ ചികിത്സയ്ക്കും അന്ത്യ കർമങ്ങൾക്കും കുടുംബത്തിന്റെ ജീവിതച്ചെലവുകൾക്കുമായി നാലു ലക്ഷം ഡോളറാണ് ലക്ഷ്യം. നവംബർ 24ലെ റിപ്പോർട്ട് പ്രകാരം ഏകദേശം നാലായിരം സംഭാവനകളിലൂടെ 2.95 ലക്ഷം ഡോളറിലധികം സമാഹരിച്ചു.