ട്രംപ്

 
World

നിദാൽ ഹസന്‍റെ വധശിക്ഷ തത്സമയം കാണിക്കുമോ എന്നതിൽ തീരുമാനമായിട്ടില്ലെന്ന് ട്രംപ്

വധശിക്ഷ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് ഐക്യരാഷ്ട്രസഭ

Reena Varghese

വാഷിങ്ടൺ: അമെരിക്കയിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിദാൽ മാലിക് ഹസന്‍റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

വെള്ളിയാഴ്ച മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ വെടിവയ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു. ശിക്ഷ നടപ്പാക്കുന്ന രീതിയെക്കാൾ അതു നടപ്പാക്കുക എന്നതാണ് പ്രധാനമെന്ന നിലപാടാണ് ട്രംപ് പ്രകടിപ്പിച്ചത്. വധശിക്ഷ ലൈവായി കാണിക്കുമെന്ന വാർത്തയിൽ നിരവധി പ്രമുഖർ ഭിന്നാഭിപ്രായവുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ ട്രംപ് പ്രതികരിച്ചത്.

ഡിസംബർ മൂന്നിന് നിദാൽ മാലിക്കിന്‍റെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുന്ന രീതിയിൽ സംപ്രേക്ഷണം ചെയ്യണോ എന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ തീരുമാനമെടുക്കുകയാണ് എന്ന് ട്രംപ് പറഞ്ഞു.അതു സംബന്ധിച്ച് അവർ തീരുമാനമെടുക്കുകയാണ്. വധശിക്ഷ നടപ്പാക്കും, എങ്ങനെയാണ് അതു നടപ്പാക്കുക എന്നതല്ല പ്രധാനം ശിക്ഷ നടപ്പാക്കുക എന്നതാണ് പ്രധാനം എന്നും ട്രംപ് പറഞ്ഞു.

2009 നവംബര്‍ അഞ്ചിനാണ് ടെക്‌സസിലെ ഫോര്‍ട്ട് ഹുഡ് സൈനിക താവളത്തില്‍ നിദാല്‍ ഹസന്‍ വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സൈനികരായിരുന്നു. സംഭവസ്ഥലത്തെത്തിയ സിവിലിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ വെടിയേറ്റതിനെത്തുടര്‍ന്ന് ഹസന്‍ അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായി. കേസില്‍ 2013ല്‍ സൈനിക ജൂറിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

വധശിക്ഷ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

അതേസമയം, വധശിക്ഷയുടെ തത്സമയ സംപ്രേഷണത്തിന് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ഡിസംബര്‍ മൂന്നിന് ശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, പെന്‍റഗണിന്‍റെയും ബന്ധപ്പെട്ട അധികാരികളുടെയും തുടര്‍നടപടികളിലേക്കാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ. വധശിക്ഷ നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന ട്രംപിന്‍റെ നിലപാടിനൊപ്പം, അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദവും അമേരിക്കയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.