വിസ്കോൺസിൻ ഇമാം സലാ സാർസൂർ 

 
World

പലസ്തീനിയനായ പ്രമുഖ മസ്ജിദ് ഇമാമിനെ നാടുകടത്താൻ യുഎസ് ഇമിഗ്രേഷൻ കോടതി

വിസ്കോൺസിൻ ഇമാം സലാ സാർസൂർ യുഎസ് വിദേശ നയങ്ങൾക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ജഡ്ജി യുടെ ഉത്തരവ്

Reena Varghese

ടെക്സസ്: അമെരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സൊസൈറ്റി ഒഫ് മിൽവാക്കിയുടെ അധ്യക്ഷനും പലസ്തീൻ വംശജനുമായ സലാ സാർസൂറിനെ നാടു കടത്താൻ ഫെഡറൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു. രാജ്യത്തിന്‍റെ വിദേശ നയത്തിനു ഭീഷണിയാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇമിഗ്രേഷൻ ജഡ്ജി ജെയ്മി സാലിനാർഡി ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ ഗ്രീൻ കാർഡ് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്‍റെ ആരോപണം കോടതി തള്ളി.

കഴിഞ്ഞ മാർച്ചിൽ മിൽവാക്കിയിൽ വച്ചാണ് യുഎസ് ഇമിഗ്രേഷൻ അധികൃതർ സാർസൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഇസ്രയേൽ വിരുദ്ധ നിലപാടുകൾ തുറന്നു പറഞ്ഞതിനും പലസ്തീൻ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനും ഉള്ള രാഷ്ട്രീയ പ്രതികാരമായാണ് ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടുന്നതെന്ന് സാർസൂർ ആരോപിച്ചു. വിധിക്കെതിരേ അപ്പീൽ നൽകുമെന്നും മൂന്നു പതിറ്റാണ്ടിലേറെയായി തന്‍റെ വീടായി കരുതുന്ന രാജ്യത്തു തുടരാനും അഭിപ്രായ സ്വാതന്ത്ര്യത്തിനായും നിയമപോരാട്ടം തുടരുമെന്നും ഇമാം പറഞ്ഞു.

രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയായ ഇമാം

1988-ലും 1995-ലും ഇസ്രായേലിൽ വെച്ച് നടന്ന ആക്രമണക്കേസുകളിലെ ശിക്ഷാനടപടികൾ ചൂണ്ടിക്കാണിച്ചാണ് യുഎസ് സർക്കാർ ഇയാൾക്കതിരേ രാജ്യ സുരക്ഷാ ഭീഷണിയ്ക്ക് നടപടിയെടുത്തത്.

ഈ രണ്ടു ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കെയാണ് 1993 മുതൽ ഇയാൾ അമെരിക്കയിൽ കഴിഞ്ഞു വരുന്നത്. ഇയാളെ വെസ്റ്റ് ബാങ്കിലേയ്ക്കു തന്നെ തിരിച്ചയയ്ക്കാനാണ് ഇപ്പോൾ യുഎസ് സർക്കാരിന്‍റെ തീരുമാനം.