മോചിപ്പിക്കപ്പെട്ട സ്റ്റീഫൻ ഹബ്ബാർഡ്

 
World

നാല് വർഷത്തെ തടവിന് ശേഷം അമേരിക്കൻ പൗരനെ മോചിപ്പിച്ച് റഷ്യ

തടവുകാരെ കൈമാറേണ്ടി വന്നിട്ടില്ലെന്ന് ട്രംപ്

Reena Varghese

റഷ്യയ്ക്കെതിരെ പുതുതായി ഏർപ്പെടുത്താനിരുന്ന സാമ്പത്തിക ഉപരോധങ്ങൾ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് മാറ്റിവെച്ചതിനു പിന്നാലെയാണ് ഈ നയതന്ത്ര നീക്കം

മോസ്കോ: യുക്രെയ്ൻ സൈന്യത്തിനായി പോരാടിയെന്നാരോപിച്ച് റഷ്യയിൽ നാല് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന 74-കാരനായ അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡിനെ റഷ്യൻ സർക്കാർ മോചിപ്പിച്ചു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും തമ്മിൽ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് മോചനവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തന്‍റെ നേരിട്ടുള്ള അഭ്യർഥന പരിഗണിച്ചാണ് പുടിൻ ഹബ്ബാർഡിനെ മോചിപ്പിച്ചതെന്നും ഇതിനായി തടവുകാരെ പരസ്പരം കൈമാറേണ്ടിവന്നില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

റഷ്യയ്ക്കെതിരെ പുതുതായി ഏർപ്പെടുത്താനിരുന്ന സാമ്പത്തിക ഉപരോധങ്ങൾ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് മാറ്റിവെച്ചതിനു പിന്നാലെയാണ് ഈ നയതന്ത്ര നീക്കമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആരോഗ്യനില മോശമായ ഹബ്ബാർഡിനെ അടിയന്തര വൈദ്യപരിശോധനകൾക്കായി ടെക്സാസിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന അമേരിക്കൻ പൗരന്മാരിൽ അവസാനത്തെയാളുടെ മോചനമാണിതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കൂടിക്കാഴ്ചയ്ക്കിടെ പുടിനെ വിറ്റ് കോഫ് പ്രശംസിക്കുകയും ‘മാനവികതാ വാദി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് യുഎസ് കോൺഗ്രസിലും മാധ്യമങ്ങളിലും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.