ഡേർട്ടി ബോംബ്

 
World

വാഷിങ്ടണിൽ ഡേർട്ടി ബോംബ് / രാസായുധ ആക്രമണമോ?

ട്രംപ് ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥരെ ലക്ഷ്യം വച്ച് റേഡിയോ ആക്റ്റീവ് വസ്തുക്കൾ അടങ്ങിയ ഡേർട്ടി ബോംബ് ഉപയോഗിച്ചോ രാസായുധങ്ങൾ ഉപയോഗിച്ചോ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹ്യാന്വേഷണ വിഭാഗം

Reena Varghese

വാഷിങ്ടണിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് റേഡിയോ ആക്റ്റീവ് വസ്തുക്കൾ അടങ്ങിയ ഡേർട്ടി ബോംബ് ഉപയോഗിച്ചോ രാസായുധങ്ങൾ ഉപയോഗിച്ചോ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി യുഎസ് രഹ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. സിഎൻഎൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഈ ഗുരുതരമായ മുന്നറിയിപ്പ് ഉള്ളത്. ഇക്കാര്യത്തെക്കുറിച്ച് അറിവുള്ള ഏഴ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

എന്നാൽ, ഇറാൻ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്ന വിവരം ഉടൻ ആക്രമണം നടത്താൻ തയാറെടുക്കുന്നതിന്‍റെ സൂചനയായി കാണാനാവില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിലയിരുത്തൽ. ഭാവിയിൽ ഉപയോഗിക്കാവുന്ന കൂടുതൽ ആക്രമണ സാധ്യതകൾ തുറന്നുവെക്കാനുള്ള നീക്കമായിരിക്കാം ഇതെന്നും അവർ പറയുന്നു. ഇത്തരം ആക്രമണം നടത്താൻ ആവശ്യമായ ആളുകളും സംവിധാനങ്ങളും ഇറാന്‍റെ കൈവശമുണ്ടോ എന്ന കാര്യത്തിൽ പോലും സംശയമുണ്ടെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് വ്യക്തമാക്കി.

വാഷിംഗ്ടണിൽ ഇറാൻ ഡേർട്ടി ബോംബ് പൊട്ടിക്കാൻ പദ്ധതിയിടുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, വിഷയം പരിശോധിച്ചുവരികയാണെന്ന് ട്രംപ് പ്രതികരിച്ചു. മനിലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അത്തരമൊരു നീക്കം ഉണ്ടായാൽ ഇതുവരെ ഒരു രാജ്യവും നൽകേണ്ടിവന്നിട്ടില്ലാത്ത വില ഇറാൻ നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ആക്രമണം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇറാന്‍റെ നടപടികളെ അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.

ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ

അതേസമയം, ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. ചൊവ്വാഴ്ച എക്സിലൂടെ പ്രതികരിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ചു. രാസായുധങ്ങൾ ഉപയോഗിക്കുന്നതിനെ ഏത് സാഹചര്യത്തിലും ഇറാൻ അംഗീകരിക്കുന്നില്ലെന്നും യുഎന്നിലെ ഇറാൻ പ്രതിനിധി സംഘം വ്യക്തമാക്കി. ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അവർ പ്രതികരിച്ചു.

അമേരിക്കയ്ക്കെതിരെ നിലവിൽ വിശ്വസനീയമായ ഭീഷണികളൊന്നുമില്ലെന്നാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്. സാധ്യമായ എല്ലാ ഭീഷണികളും നിരീക്ഷിച്ചുവരികയാണെന്നും എന്നാൽ രാജ്യത്തിന് നേരെ ഇപ്പോൾ വിശ്വസനീയമായ ആക്രമണഭീഷണിയില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് 'ജെറുസലേം പോസ്റ്റി'നോട് പറഞ്ഞു.

ഡേർട്ടി ബോംബ്

എന്നാൽ, ഇറാൻ ആലോചിക്കുന്നതായി ആരോപിക്കപ്പെടുന്ന ആയുധങ്ങളുടെ സ്വഭാവം ആശങ്കാജനകമാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ മുന്നറിയിപ്പ്. സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്റ്റീവ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് ഡേർട്ടി ബോംബ്. ആണവ ബോംബിൽനിന്ന് വ്യത്യസ്തമായി ഇതിന് ആണവ വിസ്ഫോടനം സൃഷ്ടിക്കാനാവില്ല. എന്നാൽ സ്ഫോടനത്തിലൂടെ റേഡിയോ ആക്റ്റീവ് വസ്തുക്കൾ പരത്താനും ജനങ്ങളിൽ ഭീതിയും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാനും കഴിയും.

ഇത്തരം ആയുധങ്ങൾ കൃത്യമായി ലക്ഷ്യംവെച്ചുള്ള ആക്രമണത്തിനല്ല, മറിച്ച് വ്യാപകമായ ഭീതിയും നാശനഷ്ടങ്ങളും സൃഷ്ടിക്കാനാണ് ഉപയോഗിക്കപ്പെടുന്നതെന്ന് ഒരു രഹസ്യാന്വേഷണ വൃത്തം സിഎൻഎന്നിനോട് പറഞ്ഞു. ജനങ്ങളെ ഗുരുതരമായി രോഗബാധിതരാക്കാനും ചില പ്രദേശങ്ങൾ മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത നിലയിലാക്കാനും ഇവയ്ക്ക് കഴിയുമെന്നും മുന്നറിയിപ്പുണ്ട്.

ബോംബ് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ അമേരിക്കയ്ക്കുള്ളിൽ തന്നെയോ?

ബോംബ് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ അമേരിക്കയ്ക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഇറാനിയൻ ആശയവിനിമയങ്ങൾ യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ വിവരങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. വർഷങ്ങൾക്കുമുമ്പുതന്നെ ഇത്തരം ആയുധങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികൾ അമേരിക്കയിലെത്തിച്ചിട്ടുണ്ടാകാമെന്നാണ് ചില രഹസ്യാന്വേഷണ വൃത്തങ്ങൾ സംശയിക്കുന്നത്.

അമേരിക്കയുടെ അതിർത്തിക്കുള്ളിൽ ഡേർട്ടി ബോംബ് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണസാധ്യത തള്ളിക്കളയാനാവില്ലെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ പത്തുവർഷമായി അതിർത്തി സുരക്ഷയിൽ ഉണ്ടായ വീഴ്ചകൾ ഇത്തരം സാമഗ്രികൾ രാജ്യത്തിനുള്ളിലേക്ക് എത്തിക്കാനും അവ ഉപയോഗിക്കാൻ ആളുകളെ നിയോഗിക്കാനും സഹായിച്ചിരിക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത ബന്ധമുള്ള ഒരു വൃത്തത്തിന്‍റെ ആരോപണം.

എന്തായാലും പിന്നോട്ടില്ലെന്ന് ട്രംപ്

ഇറാനെതിരായ യുഎസ് സൈനിക നടപടികൾ തുടരുകയും അതേസമയം സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാനെതിരായ കടുത്ത നിലപാടിൽ നിന്നു പിന്നോട്ടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം.

ഇറാന്‍റെ സൈനിക ശേഷിയും നാവികസേനയും പ്രതിരോധ വ്യവസായ അടിസ്ഥാന സൗകര്യങ്ങളും തകർത്തതോടെ രാജ്യം ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് ഒരു യുഎസ് സൈനിക ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു വ്യക്തമാക്കി. അമേരിക്കൻ ജനതയെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്താൻ ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ട്രംപും അദ്ദേഹത്തിന്‍റെ ഭരണകൂടവും ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.