9/11 ആക്രമണത്തിന്‍റെ കാൽ നൂറ്റാണ്ട് അനുസ്മരണം

 
World

9/11 ആക്രമണത്തിന്‍റെ കാൽ നൂറ്റാണ്ട് അനുസ്മരണം

കനത്ത സുരക്ഷയിൽ ന്യൂയോർക്ക്, ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ല

Reena Varghese

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍റെ 25ാം വാർഷികാനുസ്മരണത്തിന് ഒരുങ്ങി ന്യൂയോർക്ക്. വെള്ളിയാഴ്ച കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ലോവർ മാൻഹാട്ടനിലെ ഗ്രൗണ്ട് സീറോയിലാണ് അനുസ്മരണച്ചടങ്ങ് നടക്കുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ല. ആക്രമണ സമയത്ത് അധികാരത്തിൽ ഉണ്ടായിരുന്ന മുൻ പ്രസിഡന്‍റ് ജോർജ്. ഡബ്ല്യു. ബുഷ്, മുൻ പ്രസിഡന്‍റുമാരായ ജോ ബൈഡൻ, ബറാക് ഒബാമ, ബിൽ ക്ലിന്‍റൺ എന്നിവരും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൽ ഖ്വയ്ദയിലെ 19 ഭീകരരാണ് 2001 സെപ്റ്റംബർ 11 ന് നാലു വിമാനങ്ങൾ റാഞ്ചിയത്. അതിൽ രണ്ടു വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചു കയറി. 110 നിലകളുള്ള കെട്ടിടങ്ങൾ തകർന്നു വീണതോടെ ഭീകരാക്രമണത്തിൽ ആകെ 2,977 പേര്‍ കൊല്ലപ്പെട്ടു. മൂന്നാമത്തെ വിമാനം പെന്‍റഗണിൽ ഇടിച്ചു.നാലാമത്തെ വിമാനമാകട്ടെ യാത്രക്കാർ ഭീകരർക്കെതിരേ പ്രതിരോധിച്ചതിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ ഷാങ്ക്‌സ്വില്ലിന് സമീപമുള്ള വയലില്‍ തകര്‍ന്നുവീണു.

അനുസ്മരണ ചടങ്ങിൽ ഔദ്യോഗിക പ്രസംഗങ്ങൾ ഉണ്ടാകില്ല. പകരം കൊല്ലപ്പെട്ടവരുടെ പേരുകൾ ബന്ധുക്കൾ വായിക്കുകയും ആക്രമണത്തിലെ പ്രധാന നിമിഷങ്ങളെ അനുസ്മരിച്ച് മണി മുഴക്കുകയും ചെയ്യും. ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായ ഡെമോക്രാറ്റിക് മേയര്‍ സോഹ് റാൻ മംദാനിയുടെ ചടങ്ങിലെ സാന്നിധ്യം വലതുപക്ഷത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മംദാനി തീവ്രവാദ ആശയങ്ങളെ മതിയായ രീതിയില്‍ വിമര്‍ശിക്കുന്നില്ലെന്നും ആരോപിക്കുന്നു. എന്നാല്‍ മുസ്ലിം ആയതിനാല്‍ മാത്രം മേയറെ വ്യത്യസ്തമായി പരിഗണിക്കുന്നത് ആശങ്കാജനകമാണെന്ന് സിറ്റി കൗണ്‍സില്‍ അംഗം ഷഹാന ഹനീഫ് പറഞ്ഞു.

ഗ്രൗണ്ട് സീറോയില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിലേക്ക് വന്‍ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷ. 9/11 മെമ്മോറിയലിനും മ്യൂസിയത്തിനും ചുറ്റും യുഎസ് സീക്രട്ട് സര്‍വീസ് ശക്തമായ സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്‍റെ ഭാഗമായി ആന്‍റി-ഡ്രോണ്‍ സംഘത്തെയും വിന്യസിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ ജെസിക്ക ടിഷ് അറിയിച്ചു. എന്നാല്‍ ചടങ്ങിനെ ലക്ഷ്യമിട്ട് പ്രത്യേക ഭീഷണിയുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് അൽ ഖ്വയ്ദ അന്തരിച്ച നേതാവ് ഒസാമ ബിന്‍ ലാദന്‍റെയും മകന്‍ ഹംസയുടെയും ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടു. 2019ല്‍ ഹംസയും കൊല്ലപ്പെട്ടതായി ട്രംപ് വ്യക്തമാക്കിയിരുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു