നെതന്യാഹുവിന് പിന്തുണയുമായി ട്രംപ്
വാഷിങ്ടൺ: ചൊവ്വാഴ്ച നടക്കുന്ന ഇസ്രയേൽ തെരഞ്ഞെുടപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനു പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സംയുക്ത സൈനിക നീക്കങ്ങൾ പൂര്‍ത്തിയാക്കാന്‍ നെതന്യാഹു അധികാരത്തില്‍ തുടരേണ്ടതുണ്ടെന്നാണ് ട്രംപിന്‍റെ നിലപാട്.
"ബിബി നെതന്യാഹുവിന് വോട്ടു ചെയ്യൂ.നമ്മള്‍ ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കണം’
എന്നായിരുന്നു ട്രംപിന്‍റെ സന്ദേശം. നെതന്യാഹുവിനെ മികച്ച പോരാളിയായ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ച ട്രംപ്, ഇരുവരും ഒരുമിച്ച് നേടിയ വിജയങ്ങള്‍ വോട്ടര്‍മാര്‍ ഓര്‍ക്കണമെന്നും ആവശ്യപ്പെട്ടു.തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിലൂടെയാണ് ട്രംപ് ബിബിക്കു പിന്തുണ അറിയിച്ചത്. ഇറാനെതിരായ സംയുക്ത സൈനിക നടപടികളില്‍ നെതന്യാഹുവിന്‍റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇറാന്‍റെ സൈനിക ശേഷി ഗണ്യമായി ദുര്‍ബലപ്പെട്ടെന്നും നാവികസേനയും വ്യോമസേനയും തകര്‍ന്ന നിലയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ സാമ്പത്തിക മേഖലയിലും വലിയ പ്രതിസന്ധിയുണ്ടെന്നും പണപ്പെരുപ്പം 301 ശതമാനത്തിലെത്തിയെന്നും അദ്ദേഹം കുറിച്ചു. ഇറാനിലേക്കുള്ള എണ്ണനീക്കം തടയുന്ന നാവിക ഉപരോധവും രാജ്യത്തെ ഉന്നത സൈനിക, രാഷ്ട്രീയ നേതൃത്വത്തിന് നേരെയുണ്ടായ ആക്രമണങ്ങളും ഇറാനെ ദുര്‍ബലപ്പെടുത്തിയെന്നാണ് ട്രംപിന്‍റെ വാദം.
ഇറാന്‍റെ ആണവായുധ പദ്ധതിയെ തടയുന്നതിനായി അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെയും ട്രംപ് പരാമര്‍ശിച്ചു.ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍, ഓപ്പറേഷന്‍ എപിക് ഫ്യൂറി എന്നീ പേരുകളില്‍ നടത്തിയ നടപടികള്‍ ഇറാന്‍റെ സൈനിക ശേഷിയെ ബാധിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള ഭീഷണികള്‍ ഇനി അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ വലിയ സാത്താന്‍ എന്നും ഇസ്രയേലിനെ ചെറിയ സാത്താന്‍ എന്നും വിശേഷിപ്പിച്ചവര്‍ക്കുള്ള മറുപടിയായാണ് ഈ പരാമര്‍ശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത്. എന്നാല്‍ ഇറാന്‍റെ സൈനിക ശേഷിയും സാമ്പത്തിക ശേഷിയും സംബന്ധിച്ച ട്രംപിന്‍റെ അവകാശ വാദങ്ങൾ ശരിയാണെന്ന് ഉറപ്പിക്കാനാകില്ല.