മുൻ സൈനികന്‍റെ വധശിക്ഷ താൻ ലൈവായി കാണില്ല:നിലപാടു വ്യക്തമാക്കി ജെഡി വാൻസ്

 
World

മുൻ സൈനികന്‍റെ വധശിക്ഷ താൻ ലൈവായി കാണില്ല: നിലപാടു വ്യക്തമാക്കി ജെഡി വാൻസ്

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സൈന്യം വെടിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്ന ആദ്യ സംഭവമായിരിക്കും ഇത്

Reena Varghese

വാഷിങ്ടൺ: യുഎസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ 13 പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിദാൽ മാലിക് ഹസന്‍റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന റിപ്പോർട്ടുകളിൽ സംശയം പ്രകടിപ്പിച്ച് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. ഡിസംബർ മൂന്നിന് ടെക്സസിലെ ഫോർട്ട് ഹുഡിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വധശിക്ഷ ലൈവായി സംപ്രേക്ഷണം ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് വാൻസ് മാധ്യമ പ്രവർത്തകരോടു പറഞ്ഞത്. അത്തരത്തിൽ സംപ്രേക്ഷണം ചെയ്താലും താൻ അതു കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമരെിക്കയുടെ ചരിത്രത്തിൽ സെപ്റ്റംബർ 11 കഴിഞ്ഞാൽ ഏറ്റവും ഗുരുതരമായ ഭീകരാക്രമണങ്ങളിൽ ഒന്നാണ് ഹസൻ നടത്തിയതെന്നു വാൻസ് പറഞ്ഞു. എന്നാൽ വധശിക്ഷ പൊതുജനങ്ങൾക്ക് തത്സമയം പ്രദർശിപ്പിക്കുന്നതിനെതിരേ യുഎസ് രാഷ്ട്രീയ നേതാക്കൾക്കിടയിലും വിമർശനം ഉയർന്നു. റിപ്പബ്ലിക്കന്‍ പ്രതിനിധി ഓസ്റ്റിന്‍ സ്‌കോട്ട് ഹസന്‍റെ വധശിക്ഷയെ പിന്തുണച്ചെങ്കിലും വധശിക്ഷകള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത് ജിഹാദി സംഘടനകളുടെ രീതിയാണെന്നും അമേരിക്ക അതിനേക്കാള്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റ് സെനറ്റര്‍ മാര്‍ക്ക് കെല്ലിയും ഹസന്‍ നിയമത്തിന് മുന്നില്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞെങ്കിലും പരസ്യ വധശിക്ഷകള്‍ ഇറാനും താലിബാനും പിന്തുടരുന്ന രീതിയാണെന്ന് വിമര്‍ശിച്ചു.

വധശിക്ഷയ്ക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസന്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും ഇയാള്‍ ഒരു ഭ്രാന്തനാണെന്നും ട്രംപ് വെള്ളിയാഴ്ച പ്രതികരിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ വധശിക്ഷ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പെന്‍റഗണ്‍ ഉദ്യോഗസ്ഥനും വ്യാഴാഴ്ച വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞിരുന്നു. എന്നാല്‍ യൂട്യൂബ്, മെറ്റ, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഇതിന് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്യക്തിയെ വെടിവെച്ച് കൊല്ലുന്നതുള്‍പ്പെടെയുള്ള അതിക്രൂരമായ ദൃശ്യങ്ങള്‍ അനുവദിക്കില്ലെന്ന നയമാണ് ടിക്ടോക്ക് ചൂണ്ടിക്കാട്ടിയത്.

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറും അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും രംഗത്തെത്തി. വധശിക്ഷ ലൈവായി പ്രദര്‍ശിപ്പിക്കുന്നത് പൊതുവധശിക്ഷയ്ക്ക് തുല്യമാണെന്നും അത് പീഡനത്തിനെതിരായ സമ്പൂര്‍ണ നിരോധനത്തിന്‍റെ ലംഘനമാകുമെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടി ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പുനഃപരിശോധിക്കണമെന്നും അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലിയും ആവശ്യപ്പെട്ടു. വധശിക്ഷ മനുഷ്യാവകാശ ലംഘനമാണെന്നും സംപ്രേഷണം ചെയ്യുന്നത് ക്രൂരത വര്‍ധിപ്പിക്കുമെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണലും വിമര്‍ശിച്ചു.

വിചാരണയ്ക്കിടെ സ്വയം പ്രതിരോധം ഏറ്റെടുത്ത ഹസന്‍ കുറ്റങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചില്ല. 2013-ല്‍ സൈനിക ജൂറിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സൈന്യം വെടിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്ന ആദ്യ സംഭവമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വധശിക്ഷ നടപ്പാക്കുന്ന രീതിയെച്ചൊല്ലിയുള്ള വിവാദം അമേരിക്കയില്‍ വീണ്ടും വധശിക്ഷയെക്കുറിച്ചുള്ള മനുഷ്യാവകാശ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.