സ്പെയിനിലും ഫ്രാൻസിലും വൻ കാട്ടു തീ

 
World

സ്പെയിനിലും ഫ്രാൻസിലും വൻ കാട്ടു തീ|വീഡിയോ

ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു

Reena Varghese

മാഡ്രിഡ്: സ്പെയിനിലും ഫ്രാൻസിലും പടർന്നു പിടിച്ച കാട്ടുതീ അതിമാരകമായി തുടരുന്നു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഫ്രാൻസിലും സ്പെയിനിലുമായി ഇതുവരെ ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.

മാഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിനു സമീപം മൂന്നിടങ്ങളിലായി വ്യാപിച്ച കാട്ടു തീ വൻ അഗ്നിഗോളമായി മാറിയതോടെ ഈ മേഖലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. മാഡ്രിഡിലെ കാട്ടുതീ നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറത്താണെന്ന് മാഡ്രിഡ് പ്രാദേശിക സർക്കാരിന്‍റെ അടിയന്തര നിവാരണ വിഭാഗം മേധാവി കാർലോസ് നവില്ലോ പറഞ്ഞു.

എട്ടു മുനിസിപ്പാലിറ്റികളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. എൽ എസ്കോറിയൽ പട്ടണത്തിലേയ്ക്കു തീ പടരുന്നത് നിയന്ത്രിക്കാൻ സ്പാനിഷ് സൈന്യത്തിലെ അടിയന്തര വിഭാഗമാ‍യ യുഎംഇ വിന്യസിച്ചു. അവില പ്രവിശ്യയിലും വൻ കാട്ടു തീ തുടരുന്നു. ബുർഗോഹോണ്ടോ മേഖലയിലെ തീ മാഡ്രിഡിലെ അഗ്നിബാധയുമായി ഒന്നിച്ചു ചേരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. തീ പടരുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്ക അറിയിച്ചു.

അര മണിക്കൂറിനുള്ളിൽ മാഡ്രിഡിൽ മാത്രം 20 കിലോമീറ്റർ ദൂരമാണ് തീ പടർന്നത്. ആറായിരം ഹെക്റ്ററിലധികം വനഭൂമിയാണ് കത്തി നശിച്ചത്. അവിലയിൽ ഏകദേശം ഒമ്പതിനായിരം ഹെക്റ്റർ പ്രദേശം നശിച്ചതായും അധികൃതർ അറിയിച്ചു.

ഫ്രാൻസിന്‍റെ തെക്കു പടിഞ്ഞാറൻ ഗിറോണ്ട്, ലാൻഡസ് മേഖലകളിലും കാട്ടു തീ വ്യാപകമായി പടരുകയാണ്. ഒന്നേകാൽ ലക്ഷത്തിലേറെ പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. ഗിറോണ്ടിലെ തീപിടിത്തത്തിൽ പത്തൊമ്പതിനായിരം ഹെക്റ്ററിലധികം വന ഭൂമി കത്തി നശിക്കുകയും എൺപതോളം വീടുകൾ പൂർണമായും തകരുകയും ചെയ്തു.

പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപ് പൂർണമായും ഒഴിപ്പിച്ചു. നൂറു കണക്കിനു പേരെ ബോട്ടുകളിലും റോഡ് മാർഗവും സുരക്ഷിത സ്ഥലങ്ങളിലേയ്ക്കു മാറ്റി. വെള്ളിയാഴ്ച വൈകിട്ട് കാറ്റിന്‍റെ ദിശ മാറിയതോടെ തീ ബോർഡോ നഗരത്തിലേയ്ക്കു നീങ്ങിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. കൂടുതൽ ഒഴിപ്പിക്കലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ സൈന്യത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു.

യൂറോപ്യൻ യൂണിയന്‍റെ സിവിൽ പ്രൊട്ടക്ഷൻ സംവിധാനവും സജീവമാക്കിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിലും സ്ലോവാക്യയിലും നിന്നും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ ഉൾപ്പടെയുള്ള സഹായവും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അമ്പതോളം അഗ്നിശമന സേനാംഗങ്ങൾക്ക് ഇതിനകം പരിക്കേറ്റതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്‍റ് നൂനെസ് പറഞ്ഞു. തെക്കൻ യൂറോപ്പിൽ ആകമാനം തുടരുന്ന കടുത്ത ചൂടും ദീർഘകാല വരൾച്ചയും കാട്ടുതീയുടെ തീവ്രത വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം