മയാമി അന്താരാഷ്ട്ര വിമാനത്താവളം

 
World

യുഎസിൽ യാത്രാ വിമാനവും ചരക്കുവിമാനവും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരുക്ക്

പനാമ സിറ്റിയിൽ നിന്ന് 166 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ കോപ എയർലൈൻസ് വിമാനം വിമാനത്താവളത്തിലെ ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെയായിരുന്നു അപകടം

Sarath Nath MS

മയാമി: അമെരിക്കയിലെ ഫ്ലോറിഡയിലുള്ള മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു. കോപ എയർലൈൻസിന്‍റെ ബോയിങ് 737 യാത്രാ വിമാനവും യുപിഎസിന്‍റെ ബോയിങ് 767 ചരക്കുവിമാനവുമാണ് ശനിയാഴ്ച രാത്രി 9.15ന് കൂട്ടിയിടിച്ചത്.

പനാമ സിറ്റിയിൽ നിന്ന് 166 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ കോപ എയർലൈൻസ് വിമാനം വിമാനത്താവളത്തിലെ ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന്‍റെ ചിറകിന്‍റെ അറ്റം ചരക്കുവിമാനത്തിന്‍റെ മുൻഭാഗത്ത് ഇടിക്കുകയായിരുന്നു.

രണ്ട് യാത്രക്കാർക്ക് പരുക്കേറ്റതായി കോപ എയർലൈൻസ് അറിയിച്ചു. വിമാനം ടെർമിനലിൽ എത്തിയതിനു പിന്നാലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി. പരുക്കേറ്റവർക്ക് വിമാനത്താവളത്തിലെ പാരാമെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തൽ. മറ്റ് യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

രണ്ട് മാസത്തിനിടെ മയാമിയിലെ രണ്ടാമത്തെ അപകടം

രണ്ട് മാസത്തിനിടെ മയാമി അന്താരാഷ്ട്ര വിമാനത്തവളത്തിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന അപകടമാണിത്. സെപ്റ്റംബർ ആറിന് ആമസോണിന്‍റെ കാർഗോ വിമാനം റൺവേയിൽ നിന്ന് നിയന്ത്രണംവിട്ട് പുറത്തേക്ക് പോയി വാഹനങ്ങളിൽ ഇടിച്ചുകയറിയിരുന്നു. തുടർന്ന് വിമാനത്തിന് തീപിടിച്ചു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നിന്ന് എത്തിയ ബോയിങ് 767 വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. ലാൻഡിങ് ഉപേക്ഷിക്കാൻ ശ്രമിച്ച വിമാനം വിമാനത്താവളത്തിന്‍റെ അതിർത്തിവേലി തകർത്ത് രണ്ട് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു.