ഗുർവിന്ദർ ഗിൽ (28)

ഭാര്യ ജാസ്മിൻ ഗിൽ (30)

 

(X/@sacsheriff)

World

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെ കൊലപ്പെടുത്തി

രക്ഷപ്പെടാൻ ഐസിഇ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടു പോയെന്ന് വ്യാജ പ്രചരണം

Reena Varghese

വാഷിങ്ടൺ: കാലിഫോർണിയയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് സ്വദേശിയായ ഗുർവിന്ദർ ഗിൽ (28) അറസ്റ്റിലായി. ഭാര്യ ജാസ്മിൻ ഗില്ലിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടു പോയെന്നാണ് ഇയാൾ പ്രചരിപ്പിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ കൊലപാതകക്കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 30 കാരിയായ ജാസ്മിനെ സെപ്റ്റംബര്‍ 30നാണ് സാക്രമെന്‍റോയിലെ വീട്ടില്‍ അവസാനമായി കണ്ടത്. നാലു ദിവസത്തിനുശേഷം ബന്ധു ഇവരെ കാണാനില്ലെന്ന് പരാതി നല്‍കി. വീടിനു പുറത്തുള്ള തപാല്‍പ്പെട്ടി പരിശോധിക്കുന്നതിനിടെ ഐസിഇ ഉദ്യോഗസ്ഥര്‍ ജാസ്മിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ഗുര്‍വിന്ദറിന്‍റെ മൊഴി. എന്നാല്‍, ഇത്തരത്തില്‍ ഒരു നടപടിയും വീട്ടില്‍ നടന്നിട്ടില്ലെന്ന് ഐസിഇ അധികൃതര്‍ പൊലീസിനെ അറിയിച്ചു.

അന്വേഷണത്തിനിടെ ഗുര്‍വിന്ദറും ജാസ്മിനും വിവാഹമോചനത്തിനും കുഞ്ഞിന്‍റെ കസ്റ്റഡിക്കുമായി തര്‍ക്കത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഒക്റ്റോബര്‍ ഒന്നിന് എല്‍ ഡൊറാഡോ കൗണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ പിന്നീട് ജാസ്മിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കൊലപാതകക്കേസില്‍ അറസ്റ്റ് വാറണ്ട് നേടിയ പൊലീസ് ഒക്റ്റോബര്‍ 14ന് ഗുര്‍വിന്ദറിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നിലവില്‍ സാക്രമെന്‍റോ കൗണ്ടി ജയിലിലാണ്.

അതേസമയം, ജാസ്മിന്‍റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് ഇവർക്കുള്ളത്. തനിക്കും കുഞ്ഞിനും സുരക്ഷിതമായ ഭാവി ഒരുക്കാനായി വിവാഹമോചനം തേടുകയായിരുന്നു ജാസ്മിൻ എന്ന് കുടുംബം അറിയിച്ചു. ജാസ്മിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി ഗോഫണ്ട്മീ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ജാസ്മിനെ അമ്മ സുഖ് വിന്ദർ കൗര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. മകള്‍ക്ക് ഏറെ ക്രൂരതകള്‍ നേരിടേണ്ടിവന്നിരുന്നുവെന്ന് അമ്മ വിഡിയോയില്‍ പറഞ്ഞു.