ഡാരിയ ഷിപിലോവ

 
World

റഷ്യയിൽ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് പടർന്നു, ഗവേഷക മരിച്ചു; നൂറു കണക്കിന് പേർ ക്വാറന്‍റൈനിൽ

പ്ലേഗ് അണുക്കളുള്ള ടെസ്റ്റ് ട്യൂബ് തന്‍റെ കൈയിൽ നിന്ന് പൊട്ടിയതായി ഡാറിയ ജീവനക്കാരെ അറിയിച്ചിരുന്നു

നീതു ചന്ദ്രൻ

മോസ്കോ: റഷ്യയിൽ പ്ലേഗ് ഭീതി പടരുന്നു. സൈബീരിയൻ മേഖലയിൽ നിന്നുള്ള ഡാരിയ ഷിപിലോവ എന്ന ഗവേഷക പ്ലേഗ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്തെ അഞ്ച് ആശുപത്രികൾ അടച്ചിട്ടിരിക്കുകയാണ്. നൂറു കണക്കിന് പേരെ ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. പ്ലേഗ് നിവാരണ ഗവേഷക സ്ഥാപനത്തിലെ ടെക്നീഷ്യൻ ആയിരുന്നു 28കാരിയായ ഡാറിയ. ഗവേഷണത്തിനിടെ മാരകമായ ബാക്റ്റീരിയകളുള്ള ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെത്തുടർന്നാണ് ഡാറിയക്ക് അസുഖം ബാധിച്ചത്.

പ്ലേഗ് അണുക്കളുള്ള ടെസ്റ്റ് ട്യൂബ് തന്‍റെ കൈയിൽ നിന്ന് പൊട്ടിയതായി ഡാറിയ ജീവനക്കാരെ അറിയിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 29ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് അവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഒക്റ്റോബർ 1ന് മരണം സ്ഥിരീകരിച്ചു. ഇക്കാലയളവിനിടെ 200ലധികം പേർ ഡാറിയയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്ലേഗ് ഭീതിയെത്തുടർന്ന് ഇർകുത്സ്കിൽ പൊതു പരിപാടികൾ നിരോധിച്ചിട്ടുണ്ട്.