നെതന്യാഹുവിന് ഐസൻകോട്ട് ഭീതി

 
World

നെതന്യാഹുവിന് ഐസൻകോട്ട് ഭീതി

വിട്ടു വീഴ്ചയ്ക്കു തയാറായേക്കുമെന്ന് നെതന്യാഹുവിന്‍റെ മുൻ ഉപദേഷ്ടാവ് നിർ ഹെഫെറ്റ്സ്

Reena Varghese

ടെൽ അവീവ് : ഇസ്രയേലിൽ ഗാഡി ഐസൻകോട്ട് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ബെഞ്ചമിൻ നെതന്യാഹുവിനെ കടുത്ത ആശങ്കയിലാക്കുന്നതായി പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് നിർ ഹെഫെറ്റ്സ്. ഐസൻകോട്ട് പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കുന്നതിലേയ്ക്ക് നീങ്ങുമ്പോൾ അധികാരം നിലനിർത്താൻ നെതന്യാഹു കൂടുതൽ രാഷ്ട്രീയ വിട്ടു വീഴ്ചകൾക്ക് തയാറായേക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് നെതന്യാഹുവിന്‍റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് എന്നു പറഞ്ഞ ഹെഫെറ്റ്സ് പ്രധാനമന്ത്രിയുടെ ഓഫീസിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ പരിഭ്രാന്തി പ്രകടമായിരുന്നുവെന്നും നെതന്യാഹുവിന്‍റെ കുടുംബത്തിൽനിന്ന് നിരന്തരമായ അടിയന്തര ഫോൺവിളികൾ ഉണ്ടായിരുന്നുവെന്നുംഅവകാശപ്പെട്ടു.

അധികാരം നഷ്ടപ്പെട്ടാൽ നെതന്യാഹുവിനും കുടുംബത്തിനും അത് വലിയ രാഷ്ട്രീയ-വ്യക്തിപരമായ തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകനേതാക്കളിൽനിന്ന് ലഭിക്കുന്ന അംഗീകാരവും ഔദ്യോഗിക പദവിയുടെ ആനുകൂല്യങ്ങളും നെതന്യാഹു ഏറെ വിലമതിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹെഫെറ്റ്സ്, ഐസൻകോട്ടിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക പദവിയും യാത്രാസൗകര്യങ്ങളും ലഭിക്കുന്നത് നെതന്യാഹുവിന് ഉൾക്കൊള്ളാൻ പ്രയാസമാകുമെന്നും പറഞ്ഞു.

ഐക്യസർക്കാർ നീക്കം രാഷ്ട്രീയ തന്ത്രമോ?

ഐസൻകോട്ടിന്‍റെ നേതൃത്വത്തിൽ ബദൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം തടയാൻ ദേശീയ ഐക്യസർക്കാർ എന്ന ആശയം നെതന്യാഹു മുന്നോട്ടുവയ്ക്കുന്നതാകാമെന്നാണ് ഹെഫെറ്റ്സിന്‍റെ വിലയിരുത്തൽ. ഐസൻകോട്ടുമായി ചർച്ചകൾ ആരംഭിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്‍റെ സർക്കാർ രൂപീകരണ നീക്കം വൈകിപ്പിക്കാനും നിലവിലെ രാഷ്ട്രീയ സഖ്യം നിലനിർത്താനും നെതന്യാഹുവിന് കഴിയുമെന്നും ഹെഫെറ്റ്സ് നിരീക്ഷിച്ചു.

അൾട്രാ ഓർത്തഡോക്സ് പാർട്ടികളുടെ പിന്തുണയാണ് നെതന്യാഹുവിന്‍റെ അധികാരത്തുടർച്ചയിലെ നിർണായക ഘടകമെന്നു ചൂണ്ടിക്കാട്ടിയ ഹെഫെറ്റ്സ്, ഈ പാർട്ടികൾ നെതന്യാഹുവിനൊപ്പം രാഷ്ട്രീയമായി കൂടെ നിൽക്കുന്ന കാലത്തോളം അധികാരം നിലനിർത്താൻ നെതന്യാഹുവിന് സാധിക്കുമെന്നും നിരീക്ഷിച്ചു.

ഐസൻ കോട്ടുമായി ധാരണയിലെത്തുന്നതിനായി പ്രധാനമന്ത്രി ചില രാഷ്ട്രീയ ഇളവുകൾ വാഗ്ദാനം ചെയ്തേക്കാമെന്നു പറഞ്ഞ ഹെഫെറ്റ്സ് നെതന്യാഹുവിന് നിയമപരമായ സംരക്ഷണം നൽകുന്ന ഫ്രഞ്ച് മാതൃകയിലുള്ള നിയമനിർമാണം പോലും ഉയർന്നു വരാമെന്നും സൂചിപ്പിച്ചു.

ബെന്നറ്റിനേക്കാൾ ശക്തനായ എതിരാളി ഐസൻകോട്ട്

മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെക്കാൾ ശക്തനായ രാഷ്ട്രീയ എതിരാളിയായാണ് നെതന്യാഹു ഐസൻകോട്ടിനെ കാണുന്നതെന്നും ഹെഫെറ്റ്സ് പറഞ്ഞു. മുൻ ഇസ്രയേൽ സൈനിക മേധാവിയായ ഐസൻകോട്ടിന് നെതന്യാഹുവിനെ ഭയമില്ലെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന സ്വഭാവമല്ല ഐസൻകോട്ടിന്‍റേതെന്നും ഹെഫെറ്റ്സ് കൂട്ടിച്ചേർത്തു. യുദ്ധകാല അനുഭവങ്ങൾ തന്നെ കൂടുതൽ മാനസികമായി കരുത്തനാക്കിയെന്ന് ഐസൻകോട്ട് നേരത്തെ പറഞ്ഞിട്ടുള്ളത് അദ്ദേഹം ഓർത്തെടുത്തു. വ്യക്തിപരമായ വിശ്വാസ്യതയും രാഷ്ട്രീയ സ്വീകാര്യതയും ഐസൻകോട്ടിന് അൾട്രാ ഓർത്തഡോക്സ് പാർട്ടികളുടെ പിന്തുണ നേടാൻ സഹായിച്ചേക്കാമെന്ന് ഹെഫെറ്റ്സ് വിലയിരുത്തി.

ലിബർമാനുമായി ഗാഡിക്ക് രഹസ്യ ധാരണകളുണ്ടോ?

അതേസമയം, ഇസ്രായേൽ ബെയ്‌റ്റെനു പാർട്ടി നേതാവ് അവിഗ്‌ഡോർ ലീബർമാന്റെ സമീപകാല രാഷ്ട്രീയ നിലപാടുകൾക്ക് പിന്നിൽ ഐസൻകോട്ടുമായുള്ള രഹസ്യ ധാരണകളുണ്ടാകാമെന്നും ഹെഫെറ്റ്സ് സൂചിപ്പിച്ചു.

അഴിമതിവിചാരണയിലും തിരിച്ചടി?

പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുന്നത് നെതന്യാഹുവിന്‍റെ അഴിമതിവിചാരണയെയും ബാധിച്ചേക്കാമെന്നാണ് ഹെഫെറ്റ്സിന്‍റെ മറ്റൊരു മുന്നറിയിപ്പ്. നിലവിൽ പ്രധാനമന്ത്രി എന്ന പദവിയിലുള്ളതിനാൽ വിചാരണ നടപടികളിൽ ലഭിക്കുന്ന ചില സൗകര്യങ്ങൾ അധികാരം നഷ്ടപ്പെടുന്നതോടെ ഇല്ലാതാകാമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാൽ കോടതിയിൽ എല്ലാ വിചാരണ നടപടികളിലും കൃത്യമായി ഹാജരാകാൻ ജഡ്ജിമാർ നിർദേശിച്ചേക്കാമെന്നും ഇത് നെതന്യാഹുവിന് വലിയ സമ്മർദമാകുമെന്നും ഹെഫെറ്റ്സ് അഭിപ്രായപ്പെട്ടു.