പ്രമേയം അവതരിപ്പിച്ച ജോഷ് ഗോട്ട്ഹൈമർ, സ്മിത് മച്ചാർ

 
World

ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം

ന്യൂജഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോഷ് ഗോട്ട്ഹൈമറാണ് പ്രമേയം അവതരിപ്പിച്ചത്.

Reena Varghese

വാഷിങ്ടൺ: ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. ന്യൂജഴ്സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോഷ് ഗോട്ട്ഹൈമറാണ് പ്രമേയം അവതരിപ്പിച്ചത്. വിമാനത്തിന്‍റെ കോക്പിറ്റ് സുരക്ഷിതമാക്കാനും വിമാനം സുരക്ഷിതമായി നിലത്തിറക്കാനും സഹായിച്ച ഒഫ് ഡ്യൂട്ടി പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, യാത്രക്കാർ എന്നിവരുടെ ധീരമായ ഇടപെടലിനെയും പ്രമേയം അഭിനന്ദിച്ചു.

തിങ്കളാഴ്ച ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഫ്ലൈ ദുബായ് 1073-ാം നമ്പര്‍ വിമാനത്തിലുണ്ടായ ആക്രമണത്തെ അന്താരാഷ്ട്ര സിവില്‍ വ്യോമയാനത്തിന്‍റെ സുരക്ഷയ്ക്കെതിരായ ഭീകരപ്രവര്‍ത്തനമായി അപലപിച്ചു. സംഭവത്തില്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും സര്‍ക്കാരുകള്‍ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അന്വേഷണത്തിന്‍റെ പുരോഗതി യുഎസിനെയും ഇസ്രയേലിനെയും പൂര്‍ണമായി അറിയിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.