ബോയിങ് വിമാനത്തിന്‍റെ എൻജിന്‍റെ ഫാൻ ബ്ലേഡ് അടിച്ച് ജനൽ തകർന്നു

 
World

ഗ്രീസിൽ ബോയിങ് വിമാനത്തിന്‍റെ എൻജിന്‍റെ ഫാൻ ബ്ലേഡ് അടിച്ച് ജനൽ തകർന്നു

യാത്രക്കാരന്‍റെ തല പുറത്തേയ്ക്കു വലിച്ചിഴച്ചു

Reena Varghese

തെസലോണിക്കി: ഗ്രീസിലെ തെസലോണിക്കിയിൽ നിന്ന് പറന്നുയർന്ന റയനെയർ വിമാനത്തിന്‍റെ എൻജിന്‍റെ ഫാൻ ബ്ലേഡ് അടർന്ന് തെറിച്ചു വീണ് ജനൽ തകർന്നു. ഈ ദ്വാരത്തിലൂടെ യാത്രക്കാരന്‍റെ തല പുറത്തേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തിൽ 61കാരന് കഴുത്തിനും തോളിനും പരുക്കേറ്റു. ജൂലൈ 10ന് ഗ്രീസിലെ തെസലോണിക്കിയിൽ നിന്ന് പുറപ്പെട്ട ബോയിങ് 737-800 വിമാനത്തിലാണ് സംഭവം.

യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.വിമാനത്തിന്‍റെ വലതുവശത്തെ എൻജിനിലെ ഫാൻ ബ്ലേഡ് പൊട്ടിത്തെറിച്ചതാണ് സംഭവത്തിനു കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എൻജിനിൽ നിന്നു തെറിച്ച ലോഹഭാഗങ്ങൾ വിമാനത്തിന്‍റെ ജനൽ തകർക്കുകയും ഫ്യൂസലേജിന്‍റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു. എൻജിനുള്ളിൽ പക്ഷികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പറന്നുയരുന്നതിനിടെ വിമാനം പക്ഷികളുമായി കൂട്ടിയിടിച്ചിരിക്കാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഫാൻ ബ്ലേഡ് തകരാനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവസമയത്ത് വിമാനത്തിൽ വലിയ തോതിലുള്ള കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി ജീവനക്കാർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ക്യാബിനിൽ പുകയും മൂടൽ മഞ്ഞിനു സമാനമായ അന്തരീക്ഷവും രൂപപ്പെട്ടതിനെ തുടർന്ന് ഓക്സിജൻ മാസ്കുകൾ താഴേയ്ക്കു വീണു. ജനലരികിൽ ഇരുന്ന 61കാരന്‍റെ തല തകർന്ന ഭാഗത്തിലൂടെ പുറത്തേയ്ക്കു കുടുങ്ങിയപ്പോൾ സഹയാത്രികർ ചേർന്ന് അദ്ദേഹത്തെ വിമാനത്തിനുള്ളിലേയ്ക്ക് വലിച്ചു കയറ്റി.

തുടർന്ന് മറ്റൊരു സീറ്റിലേയ്ക്ക് മാറ്റിയ യാത്രക്കാരന് വിമാനത്തിലുണ്ടായിരുന്ന ഡോക്റ്റർ പ്രാഥമിക ചികിത്സ നൽകി. സംഭവത്തിനു മുമ്പ് അതേ എൻജിനിൽ നാലു തവണ പക്ഷി ഇടിച്ചതായി വിമാന ജീവനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു. 2025 നവംബറിലും 2026 മേയ് മാസത്തിലും എൻജിനിലെ ഫാൻ ബ്ലേഡുകൾ അൾട്രാ സോണിക് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും തകരാർ കണ്ടെത്തിയിരുന്നില്ല.

അതേ സമയം മുൻകാല പക്ഷിയിടിക്കലുകൾ മൂലം എൻജിനിൽ നേരത്തെ തന്നെ കേടുപാടുകൾ ഉണ്ടായിരുന്നോ എന്നും പരിശോധനകൾ കൃത്യമായി നടന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.വിമാനത്തിലെ ആവശ്യമായ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തിയതായി പ്രാഥമികമായി വ്യക്തമാകുന്നുണ്ടെങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജെഫ് ഗുസെറ്റി പറഞ്ഞു.

സംഭവത്തിനു പിന്നാലെ വിമാനസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടോ എന്ന ചർച്ചയും ഉയർന്നു. വിമാനം പിന്നീട് സാധാരണ നിലയില്‍ തെസലോണിക്കിയില്‍ തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതമായി ടെര്‍മിനലിലേക്ക് മടങ്ങി.

മുഖ്യമന്ത്രി ഒരാഴ്ച സെക്രട്ടേറിയറ്റിൽ സന്ദർശകരെ കാണില്ല

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശീയ ഗാനം

പ്രളയ പ്രതിരോധത്തിന് കേരളം പുതിയ പദ്ധതി നടപ്പാക്കും; ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ശുചിമുറിയും കഫെറ്റീരിയയും; വന്ദേഭാരതിനെ വെല്ലുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് ക്ലാസ്, ഞായറാഴ്ച മുതൽ ഓട്ടം തുടങ്ങും

പ്രതിരോധ മേഖലയ്ക്കായി അത്യാധുനിക ഉപകരണങ്ങൾ വികസിപ്പിച്ച് കെൽട്രോൺ