കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം,ഡോണൾഡ് ട്രംപ്
സാക്രമെന്‍റോ: നിർമിത ബുദ്ധി ടൂളുകളുടെ സഹായത്തോടെ ജീവനക്കാരെ പിരിച്ചു വിടുന്നതും ശിക്ഷിക്കുന്നതും നിരോധിച്ച് കാലിഫോർണിയ. ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറിയതായി ഗവർണർ ഗവിൻ ന്യൂസം പ്രഖ്യാപിച്ചു. എഐ നിരീക്ഷണം നടത്തുന്നതിനും ജീവനക്കാരുടെ ശുചിമുറികളിൽ എഐ പവേഡ് നിരീക്ഷണം ഏർപ്പെടുത്തുന്നതിനും നിയമം വിലക്ക് ഏർപ്പെടുത്തുന്നു.
നോ റോബോ ബോസസ് ആക്റ്റ് എന്നറിയപ്പെടുന്ന ഈ നിയമം ബിസിനസ് സ്ഥാപനങ്ങൾ പിരിച്ചു വിടൽ അടക്കമുള്ള നടപടികൾക്ക് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കുന്നതു തടയുന്നു. തൊഴിലാളികളെ പിരിച്ചു വിടുന്നതിലോ ശിക്ഷിക്കുന്നതിലോ എഐ ഒരു പ്രധാന സംവിധാനമായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
ഒപ്പം എഐ കാരണമാണ് വൻതോതിലുള്ള തൊഴിൽ നഷ്ടമോ പിരിച്ചുവിടലോ ഉണ്ടാകുന്നതെങ്കിൽ കമ്പനികൾ സുതാര്യത പാലിക്കണമെന്നും വ്യവസ്ഥയുണ്ട്. ലോകത്തിലെ മികച്ച 50 എഐ കമ്പനികളിൽ 33 എണ്ണവും പ്രവർത്തിക്കുന്ന കാലിഫോർണിയ സാമ്പത്തികമായും ജനസംഖ്യാപരമായും യുഎസിലെ ഏറ്റവും വലിയ സംസ്ഥാനമാണ്.
എഐയെ മനുഷ്യരുടെ അവസരങ്ങൾ വർധിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും സാങ്കേതികവിദ്യ തൊഴിലിടങ്ങളെ മാറ്റിമറിക്കുമ്പോൾ കാലിഫോർണിയ മനുഷ്യന് മുൻഗണന നൽകുന്നുവെന്നും ഗവർണർ ന്യൂസം പ്രസ്താവിച്ചു.ട്രംപിനെ കടത്തി വെട്ടിക്കൊണ്ട് സൂപ്പർ ഇന്‍റലിജൻസ് എന്നല്ല ഈ സാങ്കേതിക വിദ്യയെ വിളിക്കേണ്ടതെന്നും ഇതിനെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നു തന്നെയാണ് വിളിക്കേണ്ടതെന്നും കാലിഫോർണിയ സംസ്ഥാന ഏജൻസികൾക്ക് ഗവർണർ ഉത്തരവു നൽകി.