ട്രംപും മെലാനിയയും 

 
World

യുക്രെയ്നിലെ ഒലെഷ്കിയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ

മാനുഷിക സഹായം എത്തിക്കാൻ റഷ്യ-യുക്രെയ്ൻ ധാരണയായി അമെരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ ഇടപെടലിനെ തുടർന്ന് ആണ് വെടിനിർത്തൽ പ്രഖ്യാപനം

Reena Varghese

കീവ്: റഷ്യൻ അധിനിവേശത്തിലുള്ള യുക്രെയ്നിലെ തെക്കൻ ഖെർസൺ മേഖലയിലെ ഒലെഷ്കി നഗരത്തിലേയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. അമെരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ ഇടപെടലിനെ തുടർന്ന് ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മുതല്‍ വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് റഷ്യയും യുക്രെയ്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മേഖലയില്‍ ഏറ്റുമുട്ടലുകള്‍ കുറഞ്ഞിട്ടുണ്ടോയെന്നത് സ്പഷ്ടമല്ല. 2022 ല്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത നഗരത്തില്‍ ഭക്ഷണവും മരുന്നും ലഭിക്കാതെ സാധാരണക്കാര്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കം.

ഒലെഷ്‌കിയില്‍ തുടരുന്ന ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമവും മരുന്നുകളുടെ അഭാവവും നേരിടുന്നതായി നഗരത്തില്‍നിന്ന് പുറത്തുപോയ താമസക്കാര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. നഗരത്തില്‍ തുടരുന്നവര്‍ക്ക് പുറത്തേക്ക് പോകാനും വലിയ ബുദ്ധിമുട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെലാനിയ ട്രംപ് നല്‍കുന്ന സൂചനകള്‍ പ്രകാരം റഷ്യയിലെയുംയുക്രെയ്നിലെയും സിവിലിയന്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി താമസക്കാരുടെ ആവശ്യങ്ങള്‍ വിലയിരുത്തും. ഒഴിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിത യാത്രയും ആവശ്യമായ ഗതാഗത സൗകര്യങ്ങളും ഒരുക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യയിലേക്കും യുക്രെയ്നിലേക്കും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സഹായം ലഭ്യമാക്കുമെന്നും മെലാനിയ പറഞ്ഞു.

വെടിനിര്‍ത്തല്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ റഷ്യയോ യുക്രെയ്നോ വ്യക്തത നല്‍കിയിട്ടില്ല. ഖെര്‍സണ്‍ മേഖലയിലെ നിശ്ചിത പ്രദേശത്ത് വെടിവയ്പ് നിര്‍ത്തിവയ്ക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാനുഷിക സഹായവുമായി എത്തുന്ന വാഹനവ്യൂഹത്തിന് സുരക്ഷിതമായി നഗരത്തിലെത്താന്‍ വഴിയൊരുക്കുമെന്നും റഷ്യന്‍ സൈനിക മേധാവി വലേരി ഗെരാസിമോവിനെ ഉദ്ധരിച്ച് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നഗരവാസികളെ പുറത്തേക്ക് പോകുന്നതില്‍നിന്ന് റഷ്യ തടയുകയാണെന്ന്യുക്രെയ്ന്‍ ആരോപിച്ചെങ്കിലും മോസ്‌കോ ഈ ആരോപണം നിഷേധിച്ചു. വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതാരാണെന്ന കാര്യത്തിലും മാനുഷിക സഹായവിതരണത്തിന്‍റെ വിശദാംശങ്ങളിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

ഡ്‌നിപ്രോ നദിയുടെ തെക്കന്‍ തീരത്തുള്ള ഒലെഷ്‌കിയില്‍ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ഏകദേശം 24,000 പേര്‍ താമസിച്ചിരുന്നതായാണ് കണക്കുകള്‍. ഇപ്പോള്‍ 2,000 പേര്‍ മാത്രമാണ് നഗരത്തിലുള്ളതെന്നാണ് യുക്രെയ്ന്‍റെയും അമേരിക്കയുടെയും കണക്കുകള്‍. ഇവരില്‍ 50ഓളം കുട്ടികളുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തില്‍നിന്ന് പോകാന്‍ ആഗ്രഹിച്ചവരില്‍ ഭൂരിഭാഗവും സ്വന്തം ഇഷ്ടപ്രകാരം ഇതിനകം പോയിക്കഴിഞ്ഞതായി റഷ്യയുടെ മനുഷ്യാവകാശ കമ്മീഷണര്‍ യാന ലാന്‍ട്രാറ്റോവ തിങ്കളാഴ്ച അവകാശപ്പെട്ടു. എന്നാല്‍ നഗരത്തില്‍ തുടരുന്നവര്‍ക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ഇവിടം വിട്ടുപോയവര്‍ പറയുന്നു.

റഷ്യയുംയുക്രെയ് നും അമേരിക്കയും തമ്മിലുള്ള ത്രികക്ഷി സമാധാന ചര്‍ച്ചകള്‍ നവംബറില്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022 ഫെബ്രുവരിയില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം ലക്ഷക്കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുവിട്ടുപോകേണ്ടിവന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.