പീറ്റ് ഹെഗ്സെത്ത്
വാഷിങ്ടൺ: അമെരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നീക്കം ജനപ്രതിനിധിസഭ തള്ളി. ഇറാനുമായുള്ള യുദ്ധം കൈകാര്യം ചെയ്തതിലും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിലുമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഹെഗ്സെത്തിനെ പുറത്താക്കണമെന്ന ആവശ്യമാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹെഗ്സെത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചത്.
അമെരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു ഇംപീച്ച്മെന്റ് നീക്കം. ഇറാനുമായുള്ള യുദ്ധവും ഇന്ധനവിലയിലുണ്ടായ വർധനയും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് പാർട്ടിയിലെ ചില നേതാക്കൾ വിലയിരുത്തിയിരുന്നു.
കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം തോമസ് മാസിയാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് നേതൃത്വം നൽകിയത്. ഡെമോക്രാറ്റുകളും നീക്കത്തെ പിന്തുണച്ചു. എന്നാൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 211 പേർ പ്രമേയത്തിനെതിരെയും 204 പേർ അനുകൂലമായും വോട്ട് ചെയ്തു. വിഷയം ബന്ധപ്പെട്ട സമിതിക്ക് തിരിച്ചയച്ച് ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിക്കാനുള്ള പ്രമേയമാണ് സഭ അംഗീകരിച്ചത്.
അതേസമയം, ജനുവരിയിൽ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ ഏറ്റെടുക്കാനിരിക്കെ ഹെഗ്സെത്തിനെതിരായ നീക്കം വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ഹെഗ്സെത്ത് അധികാരം ദുരുപയോഗം ചെയ്തെന്നും അമെരിക്കയുടെ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തിയെന്നും ആരോപിച്ചു. സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും ഇംപീച്ച്മെന്റിനെ പിന്തുണച്ചു.
ഇതിനിടെ, പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹെഗ്സെത്ത് ഇംപീച്ച്മെന്റ് നീക്കത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചു. ഭരണഘടനയിൽ നിർവചിച്ചിട്ടുള്ള ഗുരുതരമായ കുറ്റങ്ങളൊന്നും താൻ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായ സൈനിക നടപടികൾ വിജയകരമായി നടപ്പാക്കിയതിന്റെ പേരിൽ സൈനികരെയും നേതൃത്വത്തെയും ശിക്ഷിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. 'ഇത് ദേശസ്നേഹമല്ല, അട്ടിമറിയാണ്' എന്നായിരുന്നു ഹെഗ്സെത്തിന്റെ പ്രതികരണം.