ജെൻസൺ ഹുവാങ്ങിനൊപ്പം ആലീസ് ഹുവാങ്
വാഷിങ്ടൺ: എൻവിഡിയയുടെ മുൻ മേധാവി ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധത്തിനിടെ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ആലീസ് ഹുവാങ് സമ്പർക്കം പുലർത്തിയിരുന്നതായി റിപ്പോർട്ട്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായി 2025 മുതൽ 2026 വരെ ആലീസ് ബന്ധപ്പെട്ടിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ ജെൻസൻ ഹുവാങ്ങുമായുള്ള ബന്ധവും നിലനിന്നിരുന്നതായാണ് വിവരം.
ചൈനീസ് വംശജയായ ആലീസ് ഹുവാങ് ഉൾപ്പെട്ട വിവാദത്തിൽ അമെരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ആലീസിന്റെ ബിസിനസ് പങ്കാളിയായ കാങ് വെയ്യും ഇതേ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി ചേർന്ന് പ്രവർത്തിച്ചതിന് അമെരിക്കൻ ഏജൻസികൾക്ക് തെളിവ് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കാങ് വെയ്യെ പലപ്പോഴും ആലീസിന്റെ ഭർത്താവായാണ് പരിചയപ്പെടുത്തിയിരുന്നത്. സംഭവത്തിൽ എൻവിഡിയയോ ജെൻസൻ ഹുവാങ്ങോ വാഷിങ്ടണിലെ ചൈനീസ് എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റർനാഷണലിന്റെ മുൻ മേധാവിയായിരുന്നു ആലീസ്. എൻവിഡിയയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായിരുന്ന ഈ കമ്പനി ഒരുകാലത്ത് കോടിക്കണക്കിന് ഡോളറിന്റെ ചിപ്പ് ഇടപാടുകൾ നടത്തിയിരുന്നു. എൻവിഡിയയുടെ നൂതന നിർമിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്തിയെന്ന സംശയത്തെ തുടർന്ന് 2024 മുതൽ മെഗാസ്പീഡിനെതിരേ അമെരിക്കൻ അധികൃതർ അന്വേഷണം നടത്തിവരികയാണ്.
ആലീസിന് ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായുണ്ടായിരുന്ന ബന്ധമാണ് ജെൻസൻ ഹുവാങ് ചാരപ്രവർത്തനത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് അമെരിക്കൻ ഉദ്യോഗസ്ഥർ സംശയിക്കാൻ കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആലീസ് ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ആലീസ് ഹുവാങിനെക്കുറിച്ചുള്ള ഒക്റ്റോബർ 29-ലെ റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് രണ്ടാഴ്ചയ്ക്കുശേഷം ജെൻസൻ ഹുവാങ് എൻവിഡിയ മേധാവി സ്ഥാനം രാജിവച്ചു.