റിപ്പബ്ലിക്കൻ ആധിപത്യം അവസാനിച്ചു; യുഎസ് സെനറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ
വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി നൽകി യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചു. ട്രംപ് ഭരണകൂടത്തിനെതിരായ ജനരോഷം, വിലക്കയറ്റം, ഇറാൻ യുദ്ധം, സർക്കാരിലെ അഴിമതി ആരോപണങ്ങൾ എന്നിവയിലുള്ള അതൃപ്തിയാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നിർണായക വിജയം സമ്മാനിച്ചത്.
സെനറ്റിൽ 52 സീറ്റുകൾ ഡെമോക്രാറ്റിക് പാർട്ടി നേടിയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ സീറ്റുകൾ 40ൽ ഒതുങ്ങി. 100 അംഗ സെനറ്റിൽ കേവലഭൂരിപക്ഷത്തിന് 51 സീറ്റുകളാണ് വേണ്ടത്. ഈ സംഖ്യ ഡെമോക്രാറ്റിക് പാർട്ടി ഇതിനോടകം മറികടന്നിരിക്കുകയാണ്. സെനറ്റിൽ ഏഴ് സീറ്റുകളാണ് ഡെമോക്രാറ്റുകൾ അധികമായി നേടിയത്. ജനപ്രതിനിധിസഭയിലെ ഫലം ഇനിയും പൂർണമായും വ്യക്തമായിട്ടില്ലെങ്കിലും അവിടെയും ഭൂരിപക്ഷം നേടാനുള്ള മുന്നേറ്റത്തിലാണ് പാർട്ടി.
സെനറ്റിന്റെ നിയന്ത്രണം നഷ്ടമായത് ട്രംപിന്റെ ഭരണകാലത്തെ അവസാന രണ്ട് വർഷങ്ങളിൽ അദ്ദേഹത്തിന്റെ നയങ്ങൾ നടപ്പാക്കുന്നതിന് വലിയ തടസമാകും. സുപ്രീം കോടതിയിൽ യാഥാസ്ഥിതിക നിലപാടുകൾക്ക് കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്കും തിരിച്ചടിയാകും. ഡെമോക്രാറ്റുകളുടെ നയപരിപാടികൾ വീറ്റോ അധികാരം ഉപയോഗിച്ച് തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും യാഥാസ്ഥിതിക സംസ്ഥാനങ്ങളിലടക്കം വിജയം നേടിയാണ് ഡെമോക്രാറ്റുകൾ സെനറ്റിൽ മുന്നേറ്റം നടത്തിയത്. അയോവയിൽ ജോഷ് ട്യൂറെക് ആഷ്ലി ഹിൻസണെയും കൻസസിൽ ആദം ഹാമിൽട്ടൺ റോജർ മാർഷലിനെയും പരാജയപ്പെടുത്തി. ടെക്സസിൽ ജെയിംസ് ടലാറിക്കോ കെൻ പാക്സ്റ്റണെയും സൗത്ത് കരോലിനയിൽ ആനി ആൻഡ്രൂസ് ഡാർലിൻ ഗ്രഹാമിനെയും തോൽപ്പിച്ചു. ഒഹായോയിൽ ഷെറോഡ് ബ്രൗൺ ജോൺ ഹസ്റ്റഡിനെ പരാജയപ്പെടുത്തി. നോർത്ത് കരോലിനയിൽ റോയ് കൂപ്പർ എതിരില്ലാതെ വിജയിച്ചു.
ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ന്യൂ ഹാംഷെയറിൽ ക്രിസ് പാപ്പാസ് മുൻ സെനറ്റർ ജോൺ സുനുനുവിനെ തോൽപ്പിച്ചു.
ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതും സാധാരണക്കാരുടെ ജീവിതച്ചെലവിനേക്കാൾ തലസ്ഥാന നഗരി മോടിപിടിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്ന ജനങ്ങളുടെ ധാരണയുമാണ് തെരഞ്ഞെടുപ്പിൽ നിർണായകമായതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ റിപ്പബ്ലിക്കൻ പാർട്ടി കോടിക്കണക്കിന് ഡോളർ പ്രചാരണത്തിനായി ചെലവഴിച്ചെങ്കിലും ജനരോഷം മറികടക്കാനായില്ല. ഈ വർഷം ആദ്യം റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമെന്ന് കരുതപ്പെട്ടിരുന്ന സെനറ്റിൽ പോലും നിയന്ത്രണം നഷ്ടമായത് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.