ആഴ്ചകൾക്കുള്ളിൽ റഷ്യൻ ആണവായുധം ബഹിരാകാശത്തെത്തുമെന്നാണ് സൂചന.

 

Representative graphics

World

ബഹിരാകാശത്ത് ആണവായുധം വിന്യസിക്കാൻ റഷ്യ

ആണവ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഒരു ഉപഗ്രഹം ഈ വര്‍ഷം തന്നെ വിക്ഷേപിക്കാന്‍ മോസ്‌കോ ലക്ഷ്യമിടുന്നു

MV Desk

ബര്‍ലിന്‍: ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഒരു ആണവായുധം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാശ്ചാത്യരാജ്യങ്ങളുടെ രഹസ്യാന്വേഷണ, സൈനിക വിലയിരുത്തലുകളിലാണ് ഇക്കാര്യമുള്ളത്. ആണവ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഒരു ഉപഗ്രഹം ഈ വര്‍ഷം തന്നെ വിക്ഷേപിക്കാന്‍ മോസ്‌കോ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കി 'സുഡ്ഡോയിച്ച സെയ്തുങ്' എന്ന ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇത്തരം പദ്ധതികളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ബെര്‍ലിനിലെ റഷ്യന്‍ എംബസി അറിയിച്ചു. ഈ റിപ്പോര്‍ട്ടുകളെ റഷ്യന്‍ ഫെഡറേഷന്‍റെ ബഹിരാകാശ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്നാന്ന് റഷ്യന്‍ എംബസി വിശേഷിപ്പിച്ചത്. ഇതിനെ ഒരു പ്രചാരണ പരിപാടിയുടെ (പ്രൊപ്പഗണ്ട ക്യാംപെയ്ന്‍) ഭാഗം എന്നും എംബസി വിളിച്ചു.

ജര്‍മന്‍ സായുധ സേന (ബുണ്ടസ്വെര്‍), ജര്‍മനിയുടെ ഫെഡറല്‍ ഇന്‍റലിജന്‍സ് സര്‍വിസ് (ബിഎന്‍ഡി) എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും പ്രതിരോധ ഉദ്യോഗസ്ഥരും ജര്‍മന്‍ പത്രത്തില്‍ വന്ന വിലയിരുത്തല്‍ വാസ്തവമാണെന്ന അഭിപ്രായമാണ് പങ്കുവച്ചത്. റഷ്യയുടെ പദ്ധതികളെക്കുറിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എസ്പിഡി) പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജര്‍മന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് ബുണ്ടസ്വെര്‍ വിദഗ്ധര്‍ കഴിഞ്ഞ ആഴ്ചകളില്‍ വിശദീകരണം നല്‍കിയിരുന്നു.

ബഹിരാകാശ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളും മറ്റ് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും ജര്‍മന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ 'തുടര്‍ച്ചയായും അതീവ ജാഗ്രതയോടെയും നിരീക്ഷിച്ചുവരികയാണെന്ന്' ജര്‍മന്‍ ഫെഡറല്‍ പ്രതിരോധ മന്ത്രാലയത്തിലെ വക്താവ് അറിയിച്ചതായി 'സുഡ്ഡോയിച്ച സെയ്തുങ്' റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യുക്രെയ്നിന്‍റെയും നാറ്റോയുടെയും നടപടികള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യത്തിലേക്ക് മോസ്‌കോയെ എത്തിച്ചിട്ടുണ്ടെന്ന് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് വ്യക്തമാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധം ഘടിപ്പിച്ച ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് വിക്ഷേപിക്കാന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു.

ഇത്തരമൊരു നീക്കം സ്ഥിരീകരിക്കപ്പെട്ടാല്‍, അത് 1967-ലെ 'ഔട്ടര്‍ സ്‌പേസ് ഉടമ്പടി'യുടെയും 1963ലെ 'പാര്‍ഷ്യല്‍ ന്യൂക്ലിയര്‍ ടെസ്റ്റ് ബാന്‍ ഉടമ്പടി'യുടെയും ലംഘനമായിരിക്കും. ഭൂമിയുടെ ഭ്രമണപഥത്തില്‍ ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതും ബഹിരാകാശത്ത് ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതും ഈ ഉടമ്പടികള്‍ നിരോധിക്കുന്നുണ്ട്. റഷ്യ ഈ ഉടമ്പടികളില്‍ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ്.

അതേസമയം ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് എയര്‍ഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയിങ്ക് സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് യുഎസിന് രക്ഷനേടാന്‍ ഇത് ആവശ്യമാണെന്നായിരുന്നു മെയിങ്ക് പറഞ്ഞത്.