ചാറ്റ് ജിപിറ്റി, ക്ലൗഡ്, മ്യൂസ് എന്നിവയെക്കാൾ ശക്തമായ എഐ ഏജന്‍റുകൾ വികസിപ്പിക്കാൻ ആപ്പിൾ

 
World

നിർമിത ബുദ്ധി രംഗത്ത് പുതിയ മത്സരത്തിനു കളമൊരുങ്ങി

ചാറ്റ് ജിപിറ്റി, ക്ലൗഡ്, മ്യൂസ് എന്നിവയെക്കാൾ ശക്തമായ എഐ ഏജന്‍റുകൾ വികസിപ്പിക്കാൻ ആപ്പിൾ

Reena Varghese

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ കരുത്തുറ്റ എഐ വികസിപ്പിക്കാനുള്ള നീക്കവുമായി ആപ്പിൾ. നിലവിലുള്ള ചാറ്റ് ജിപിറ്റി, ക്ലൗഡ്, മെറ്റയുടെ മ്യൂസ് തുടങ്ങിയ എഐ സംവിധാനങ്ങളെക്കാൾ വിപുലമായ പ്രവർത്തന ശേഷിയുള്ള എഐകൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി മുതിർന്ന എൻജിനീയറിങ് മാനെജരെ നിയമിക്കും. വെബ് ബ്രൗസിങ്, വിവിധ ആപ്പുകളുടെ ഉപയോഗം, കമാൻഡുകൾ പ്രവർത്തിപ്പിക്കൽ, കോഡിങ്, പിഴവുകൾ കണ്ടെത്തി പരിഹരിക്കൽ തുടങ്ങി മനുഷ്യരെപ്പോലെ കംപ്യൂട്ടറിൽ വിവിധ ജോലികൾ ചെയ്യാൻ കഴിയുന്ന എഐ ഏജന്‍റുകളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും ആപ്പിളിന്‍റെ സവിശേഷമായ പ്രവർത്തന മികവും ഉറപ്പാക്കിക്കൊണ്ട് ആയിരിക്കും ഈ സംവിധാനം വികസിപ്പിക്കുക.

വിവിധ ആപ്പുകളിലും വെബ് ബ്രൗസറുകളിലും ഒരേസമയം പ്രവര്‍ത്തിക്കാനും സങ്കീര്‍ണമായ ജോലികള്‍ ഘട്ടംഘട്ടമായി ആസൂത്രണം ചെയ്ത് പൂര്‍ത്തിയാക്കാനും പുതിയ എഐ ഏജന്‍റുകള്‍ക്ക് കഴിയുമെന്നാണ് ജോലി പരസ്യത്തില്‍ വ്യക്തമാക്കുന്നത്. ആവശ്യാനുസരണം വിവിധ സാങ്കേതിക സംവിധാനങ്ങളെയും പ്രത്യേക ചുമതലകള്‍ നിര്‍വഹിക്കുന്ന ഉപ ഏജന്‍റുകളെയും ഏകോപിപ്പിക്കാനും ഇവയ്ക്ക് സാധിക്കും. നിലവില്‍ മെറ്റയുടെ മ്യൂസ്, ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്‍റെ ക്ലോഡ് തുടങ്ങിയവയ്ക്ക് സമാനമായ ചില കഴിവുകളുണ്ടെങ്കിലും ആപ്പിളിന്‍റെ ഉപകരണങ്ങളുമായുള്ള ആഴത്തിലുള്ള സംയോജനം പുതിയ സംവിധാനത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഐഫോണിലെ സന്ദേശങ്ങള്‍, ഇമെയിലുകള്‍, മറ്റ് ആപ്പുകള്‍ എന്നിവയുമായി സുരക്ഷിതമായി ഇടപെടാന്‍ ആപ്പിളിന്‍റെ സ്വന്തം എഐ സംവിധാനത്തിന് കൂടുതല്‍ സൗകര്യമുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. ആപ്പിളിന്‍റെ സ്വകാര്യതാ സംരക്ഷണത്തിലുള്ള വിശ്വാസവും ഐഫോണ്‍, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ ഉപകരണങ്ങള്‍ തമ്മിലുള്ള ഏകോപനവും എഐ രംഗത്ത് കമ്പനിക്ക് നിര്‍ണായക നേട്ടമാകുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍.