ടെക്സസിലും സാന്നിധ്യം വിപുലീകരിച്ച് എസ്ബിഐ

 
World

ടെക്സസിലും സാന്നിധ്യം വിപുലീകരിച്ച് എസ്ബിഐ; കാലിഫോർണിയയ്ക്ക് പുറത്ത് ആദ്യ ശാഖ തുറന്നു

നോർത്ത് ഡാലസ് മേഖലയിലാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചത്

Sarath Nath MS

ഹൂസ്റ്റൺ: അമെരിക്കയിലെ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എസ്ബിഐ കാലിഫോർണിയ ടെക്സസിലെ ഫ്രിസ്കോയിൽ പുതിയ ശാഖ തുറന്നു. കാലിഫോർണിയയ്ക്ക് പുറത്ത് ആരംഭിക്കുന്ന ആദ്യത്തെ ശാഖയാണിത്. ഇതോടെ അമെരിക്കയിൽ ഉപസ്ഥാപനത്തിന് കീഴിലുള്ള ശാഖകളുടെ എണ്ണം എട്ടായി.

എസ്ബിഐ ഗ്രൂപ്പ് ചെയർമാൻ ചല്ല ശ്രീനിവാസുലു ഷെട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ജുനാഥ്, ഫ്രിസ്കോ മേയർ മാർക്ക് ഹിൽ എന്നിവർ പങ്കെടുത്തു. നോർത്ത് ഡാലസ് മേഖലയിലാണ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്ര ബാങ്കിങ് സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുക. വ്യക്തിഗത, ബിസിനസ് നിക്ഷേപങ്ങൾ, വാണിജ്യ വായ്പകൾ, അന്താരാഷ്ട്ര പണമിടപാടുകൾ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും.

ടെക്സസിലേക്ക് എസ്ബിഐയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെ സ്വാഗതം ചെയ്ത കോൺസൽ ജനറൽ മഞ്ജുനാഥ്, ഇന്ത്യ-യുഎസ് സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും നോർത്ത് ടെക്സസിലെ വളർന്നുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് സാമ്പത്തിക സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിലും പുതിയ ശാഖയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

കാലിഫോർണിയയിലെ ഉപസ്ഥാപനത്തിന് കീഴിലുള്ള എട്ട് ശാഖകൾക്ക് പുറമെ ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലും എസ്ബിഐക്ക് നേരിട്ട് പ്രവർത്തിക്കുന്ന സമ്പൂർണ സേവന ശാഖകളുണ്ട്. വാഷിങ്ടണിൽ പ്രതിനിധി ഓഫീസും പ്രവർത്തിക്കുന്നുണ്ട്.