file image
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്ത മാസം തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ബംഗ്ലാദേശ് വിവിധ ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ 108 പ്ലാറ്റൂണുകളെ വിന്യസിച്ചു. ഇതില്‍ 56 പ്ലാറ്റൂണുകളെയും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജന്മജില്ലയായ ഗോപാല്‍ഗഞ്ചിലാണ് നിയോഗിച്ചിരിക്കുന്നത്.
79കാരിയായ ഹസീനയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ലാദേശിലുടനീളം ട്രെയ്നുകള്‍, ബസുകള്‍, ബാങ്കുകള്‍ എന്നിവയ്ക്കു നേരെ തീവയ്പ്പും അക്രമങ്ങളും നടന്നിട്ടുണ്ട്. 2024 ഓഗസ്റ്റില്‍, തന്റെ സര്‍ക്കാരിനെ അട്ടിമറിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധാക്കയില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ് കഴിയുന്നത്.
സമീപദിവസങ്ങളില്‍ ബംഗ്ലാദേശില്‍ നടന്ന പല അക്രമ സംഭവങ്ങള്‍ക്കും പിന്നില്‍ അവാമി ലീഗിന്റെയും അവയുമായി ബന്ധപ്പെട്ട സംഘടനകളുടെയും പ്രവര്‍ത്തകരാണെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ഹസീനയുടെ അനുയായികള്‍ വരും ദിവസങ്ങളില്‍ അക്രമങ്ങളും അട്ടിമറി പ്രവര്‍ത്തനങ്ങളും വ്യാപിപ്പിച്ചേക്കുമെന്ന ആശങ്കയ്ക്കിടയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. അതേസമയം ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ്, ഈ മാസം 29, 30 തീയതികളില്‍ 'ലോക്ക്ഡൗണ്‍' നടത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ആഹ്വാനം ചെയ്യുന്നുണ്ട്. ഇത് സംഘര്‍ഷം കൂടുതല്‍ വഷളായേക്കുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
വിശദീകരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് സ്വമേധയാ മടങ്ങാന്‍ ആഗ്രഹിക്കുന്നതും, ധാക്ക സമര്‍പ്പിച്ച കൈമാറാനുള്ള (എക്സ്ട്രാഡിഷന്‍) അഭ്യര്‍ഥനയും തമ്മില്‍ ബന്ധമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ രണ്ടുവര്‍ഷത്തിലേറെയായി പ്രവാസജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീന, ഡിസംബര്‍ 16ന് നാട്ടിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നതായി സൂചനയുണ്ട്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ അനുവദിക്കണമെന്നും, ബംഗ്ലാദേശിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ 'ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സി'ല്‍ മടങ്ങിയെത്താന്‍ സൗകര്യമൊരുക്കണമെന്നും ഹസീന അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇന്ത്യ നടത്തുന്ന കൈമാറ്റത്തിലൂടെ മാത്രമേ അവര്‍ക്ക് മടങ്ങി എത്താന്‍ സാധിക്കൂ എന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഹസീനയെ വിട്ടുകിട്ടണമെന്ന ധാക്കയുടെ അഭ്യര്‍ഥന ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അവരെ കൈമാറുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. നിലവിലുള്ള നിയമനടപടികളിലൂടെ ഈ വിഷയം പരിശോധിച്ചുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഹസീനയെ കാത്തിരിക്കുന്നത് നിയമനടപടികള്‍
2024ലെ പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമര്‍ത്തലുകളുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത് ഉള്‍പ്പെടെ ഗുരുതര നിയമനടപടികളാണ് ഹസീനയ്ക്ക് മാതൃരാജ്യത്ത് നേരിടേണ്ടി വരിക. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ ഹസീന ഈ നിയമനടപടികളുടെ സാധുതയെത്തന്നെ ചോദ്യം ചെയ്തിട്ടുമുണ്ട്.
1971ലെ വിമോചന യുദ്ധത്തില്‍ പാക്കിസ്ഥാനെതിരേ രാജ്യം വിജയം നേടിയ ദിവസമായ ഡിസംബര്‍ 16ന് നാട്ടിലേക്ക് മടങ്ങാന്‍ ഹസീന പദ്ധതിയിടുന്നതായി അവരുടെ വക്താവ് സയ്യിദ് മൊസാമ്മല് അലി ചൊവ്വാഴ്ചയാണ് അറിയിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് അവര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അലി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഈ പ്രസ്താവന ധാക്കയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഹസീനയെ 'വിലങ്ങുവച്ച്' തിരികെ കൊണ്ടുവരുമെന്നും, വിദേശത്ത് കഴിയുന്ന കുറ്റവാളികള്‍ക്ക് ബാധകമായ നിയമങ്ങള്‍ തന്നെ ഹസീനയ്ക്കും ബാധകമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ മകളായ ഹസീന, അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മുന്‍പ് 15 വര്‍ഷത്തോളം ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്നു.