ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16 ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്ത് വൻ സംഘർഷം. തീവയ്പ്പും, ബോംബ് സ്ഫോടനങ്ങളും ബംഗ്ലാദേശിൽ പതിവായതായാണ് റിപ്പോർട്ടുകൾ.
ഭരണകൂടം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ കടകൾ അടച്ചുപൂട്ടാനും ബസ് സർവസുകൾ നിർത്താനും തീരുമാനിച്ചു. ധാക്കയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചതായും മൊബൈൽ ബാങ്കിങ് സേവനങ്ങൾ നിർത്തിവച്ചതായും വിവരമുണ്ട്.
ഷെയ്ഖ് ഹസീന 16 ന് കരമാർഗം ബംഗ്ലാദേശിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഹസീനയുടെ അനുയായികൾ അതിർത്തികളിൽ പരിശോധന നടത്തിയതായി വിവരമുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കരതുറമുഖമായ ബംഗാളിലെ പെട്രാപോൾ-ബെനാപോൾ അതിർത്തി വഴി കടക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്.
2024 ലെ വിദ്യാർഥി പ്രക്ഷോഭത്തോടെയാണ് 20 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ ബംഗ്ലാദേശ് കോടതി കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഷെയ്ഖ് ഹസീനയുടെ തീരുമാനം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഹസീനയ്ക്ക് അഭയം നൽകിയതോടെ വഷളായ ഇന്ത്യ - ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ട്.