തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു
representative image
ബാങ്കോക്ക്: തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. സ്കൂളിൽ ഉണ്ടായിരുന്ന 44 കുട്ടികളെയും അധ്യാപകരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ അകലെ കിഴക്കൻ തായ്‌ലാൻഡിലെ ചോൺബുരി പ്രവിശ്യയിലെ നോഗ്‌പ്‌ലാലയ് മുനിസിപ്പൽ കിന്‍റർഗാർഡൻ സ്കൂളിൽ ബുധനാഴ്ച രാവിലെ 11നാണ് സംഭവം.
കൊല്ലപ്പെട്ട അധ്യാപികയുടെ ഭർത്താവാണ് വെടിവയ്പ്പ് നടത്തിയ ആളെന്നാണ് സംശയം. വെടിവയ്പ്പിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കുട്ടികളുടെ മാസികാരോഗ്യം ഉറപ്പുവരുത്താനായി മാനസികാരോഗ്യ വിദ്ഗധരുടെ സേവനം സ്കൂൾ അധികൃതർ തേടിയിട്ടുണ്ട്.
അടുത്തിടെ തായ്‌ലാൻഡിൽ സ്കൂളുകളിൽ വെടിവയ്പ്പ് സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഓഗസ്റ്റിൽ ഹൈസ്ക്കൂളിൽ 14കാരൻ നടത്തിയ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.