അബ്രഹാം ജയ്പോൾ പാപബത്തിനി

 
World

ഇന്ത്യയിൽ പെൺകുട്ടികളെ പീഡിപ്പിച്ചു

കാൻസസ് സിറ്റിയിലെ സന്നദ്ധസംഘടനാപ്രസിഡന്‍റിനെതിരെ ഫെഡറൽ കുറ്റപത്രം

Reena Varghese

കാൻസസ് സിറ്റി: ഇന്ത്യയിലെ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമെരിക്കയിലെ കാൻസസ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘Rescuing Lives’ ന്‍റെ പ്രസിഡന്‍റ് അബ്രഹാം ജയ്പോൾ പാപബത്തിനിക്കെതിരേ അമെരിക്കൻ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. 53 വയസുള്ള പാപബത്തിനിക്കെതിരേ നാലോളം ഫെഡറൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2026 നവംബർ 17ന് മിസോറിയിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് കുറ്റപത്രം അംഗീകരിച്ചത്.

നവംബർ 18നാണ് അമെരിക്കൻ നീതിന്യായ വകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2022-24 കാലത്ത് ഇന്ത്യയിലേയ്ക്ക് നിരവധി തവണ യാത്ര ചെയ്ത പ്രതി 14-17 പ്രായത്തിനിടയിലുള്ള മൂന്നു പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ആരോപണം. ഇന്ത്യൻ തെരുവുകളിലും ചേരിപ്രദേശങ്ങളിലും കഴിയുന്ന കുട്ടികളെയും വിധവകളെയും സംരക്ഷിക്കുകയും അവർക്ക് സുരക്ഷിതമായ താമസവും വിദ്യാഭ്യാസവും നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ‘Rescuing Lives’പ്രവർത്തിക്കുന്നതെന്നാണ് സംഘടനയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഒരു സ്കൂളും ചില്ലകല്ലുവിൽ ഒരു അനാഥാലയവും സംഘടന നടത്തുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടികൾക്ക് സംരക്ഷണം നൽകുന്നതായാണ് സംഘടന അവകാശപ്പെടുന്നത്. ചില്ലകല്ലു ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നതെന്ന് ഫെഡറൽ അന്വേഷണ രേഖകളിൽ പറയുന്നു. ഇക്കഴിഞ്ഞ നവംബർ ആറിനാണ് പാപബത്തിനിക്കെതിരേ ഫെഡറൽ ക്രിമിനൽ പരാതി രജിസ്റ്റർ ചെയ്തത്. തുടർന്ന് നവംബർ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തു. കേസിന്‍റെ വിചാരണ പൂർത്തിയാകുന്നതു വരെ ജയിലിൽ തടങ്കലിൽ പാർപ്പിക്കാനാണ് ഫെഡറൽ കോടതി ഉത്തരവ്. സംഭവത്തിൽ കൂടുതൽ ഇരകളുണ്ടാകാനുള്ള സാധ്യതയും സാക്ഷികൾ ഉണ്ടാകാനുള്ള നിരീക്ഷണവും എഫ് ബിഐ പങ്കു വയ്ക്കുന്നു.

ഇയാളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള എന്തെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉണ്ടായിട്ടുള്ളവരും അതിനെ കുറിച്ച് അറിയാവുന്നവരും അന്വേഷണ ഏജൻസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇന്ത്യയിലോ അമെരിക്കയിലോ മറ്റു രാജ്യങ്ങളിലോ നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണത്തിൽ പ്രസക്തമാണെന്ന് എഫ്ബിഐ വ്യക്തമാക്കി.

അമെരിക്കൻ നീതിന്യായ വകുപ്പിന്‍റെ ‘Project Safe Childhood’ പദ്ധതിയുടെ ഭാഗമായാണ് ഈ കേസന്വേഷണം. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുകയും ഇരകളെ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ പാപബത്തിനിക്കെതിരേ കേസ് എടുത്തെങ്കിലും ഇയാളുടെ മേലുള്ള ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. നിയമപ്രകാരം കുറ്റം തെളിയിക്കുന്നതു വരെ പാപബത്തിനി നിരപരാധിയായി പരിഗണിക്കപ്പെടും.