സോണിയ ഗാന്ധി |ഇറ്റലിയിലെ വീട്
ലുസിയാന: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജനിച്ചതും ബാല്യകാലം ചെലവഴിച്ചതുമായ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റിയേക്കും. ഇറ്റലിയിലെ ഈ വീട് വാങ്ങിയ സിഖ് വ്യവസായി സുഖ്‌ദേവ് സിങ് കാങ് ആണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ വീട് മ്യൂസിയമാക്കുന്നതിന്‍റെ ഭാഗമായി സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിക്കുന്നതിനായി ഗാന്ധി കുടുംബത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് സുഖ്‌ദേവ് സിങ് ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു.
ഇതിനെ 'ഇന്ത്യൻ ഹൗസ്' എന്നാണ് വിളിക്കാനാണ് ആഗ്രഹം, ഇവിടെ ഒരു ത്രിവർണ പതാകയുണ്ടാവും. പുറത്തുള്ള നെയിംപ്ലേറ്റിൽ 'സോണിയ ഗാന്ധിയുടെ ജന്മസ്ഥലം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്നുമെന്നും സുഖ്‌ദേവ് സിങ് തന്‍റെ ആഗ്രഹമായി പറഞ്ഞു.
ഇറ്റലിയിലെ വിസെൻസ പ്രവിശ്യയിലുള്ള ലൂസിയാനയിൽ, ചാരനിറത്തിലുള്ള കല്ലും കോൺക്രീറ്റും ഉപയോഗിച്ച് നിർമിച്ച ആറ് മുറികളുള്ള വീടാണിത്. ബ്രെസിയയിലുള്ള തന്‍റെ താമസസ്ഥലത്ത് നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താമെന്ന് 52-കാരനായ സുഖ്‌ദേവ് സിങ് പറയുന്നു. 6 വർഷം മുൻപാണ് സുഖ്‌ദേവ് സിങ് ഈ വീട് വാങ്ങുന്നത്.
2020-ൽ, തന്‍റെ ഭാര്യയുടെയും മകളുടെയും പേരിലാണ് ഈ വീട് വാങ്ങിയതെന്ന് സുഖ്‌ദേവ് സിങ് പറയുന്നു. വീട് പരിപാലിക്കാൻ ഒരാളെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വിനോദസഞ്ചാരിക്ക് ഈ വീട് കാണണമെന്നുണ്ടെങ്കിൽ, അതിനുള്ള സൗകര്യം താൻ ഒരിക്കിക്കൊടുക്കുമെന്നും ഇതൊരു മ്യൂസിയമാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതിന് ഗാന്ധികുടുംബത്തിന്‍റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോപ്പർട്ടി ടാക്സ് ഉൾപ്പെടെ, ഈ വീടിന്‍റെ പരിപാലനത്തിനായി വർഷത്തിൽ ഏകദേശം 1,000 യൂറോയാണ് സുഖ്‌ദേവ് സിങ് ചെലവഴിക്കുന്നത്. താനും കുടുംബവും ഗാന്ധി കുടുംബത്തെ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും, സോണിയ ഗാന്ധിയുടെ ജന്മദിനം വലിയ പൊതുപരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് എല്ലാ വർഷവും ആഘോഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.