ജപ്പാനിൽ ഭൂചലനം

 
World

ജപ്പാനിൽ ശക്തമായ ഭൂചലനം; 22 പേർക്ക് പരുക്ക്

റിക്‌റ്റർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി

Sarath Nath MS

ടോക്കിയോ: ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിന് സമീപം ശക്തമായ ഭൂചലനം. റിക്‌റ്റർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 22 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.04നാണ് ഭൂചലനമുണ്ടായത്.

കടകളുടെ ചില്ലുകൾ തകരുകയും കെട്ടിടങ്ങളിൽ നിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും ചെയ്തു. ഹമാമത്സു, ക്യോട്ടോ, നാര, ഫുജി പർവതം സ്ഥിതിചെയ്യുന്ന യമനാഷി മേഖല, ഗിഫു എന്നിവിടങ്ങളെയും ഭൂചലനം ബാധിച്ചതായി ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.

കടകളുടെ ചില്ലുകൾ തകർന്നതും തെരുവുകളിൽ ചില്ലുകഷണങ്ങൾ ചിതറിക്കിടക്കുന്നതുമായ ദൃശ്യങ്ങൾ ജാപ്പനീസ് ടെലിവിഷൻ പുറത്തുവിട്ടു. ഭൂനിരപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. അയൽപ്രദേശങ്ങളായ ഐച്ചിയിലും ഷിസുവോക്കയിലുമാണ് ഭൂചലനത്തിന്‍റെ ആഘാതം കൂടുതലായി അനുഭവപ്പെട്ടത്.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ഭൂചലന ബാധിത മേഖലകളിലൂടെ സർവീസ് നടത്തുന്ന ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയ്നുകളുടെ വേഗം കുറച്ചു. ഭൂചലനങ്ങൾ റെയ്ൽവേ പാളങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കണക്കിലെടുത്താണിത്.