പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയൽ സമീർ.
(photo credit: CHAIM GOLDBERG/FLASH90, YONATAN SINDEL/FLASH90)
തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇറാനുമായുള്ള സംഘർഷം പുനരാരംഭിക്കാൻ സാധ്യതയുള്ള ഒരു സൈനിക നടപടിയെച്ചൊല്ലി കടുത്ത ഏറ്റുമുട്ടലിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഐഡിഎഫ് തലവൻ ഇയാൻ സമീറും. ഇറാനെതിരേ എത്രയും പെട്ടെന്ന് ഒരു സൈനിക നടപടിയ്ക്കുള്ള ഉത്തരവാണ് നെതന്യാഹു സമീറിനു നൽകിയത്. എന്നാൽ അത് അപ്പാടെ സ്വീകരിക്കാതെ ആഴത്തിലുള്ള ഒരു ചർച്ചയ്ക്കും ഔപചാരിക അംഗീകാരത്തിനും വിട്ടു കൊടുക്കുകയാണ് ഐഡിഎഫ് തലവൻ ഇയാൻ സമീർ ചെയ്തത്. ഇത് നെതന്യാഹുവിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. മാത്രമല്ല, സമീറിന്റെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടു നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളികൾ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പു ദിവസങ്ങളിൽ പോലും ഞങ്ങളുടെ കുട്ടികളെ യുദ്ധത്തിനു വിട്ടു കൊടുക്കാനാണ് നെതന്യാഹുവിനു താൽപര്യം എന്നാണ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ യെയർ ഗോലാൻ വിമർശിച്ചത്. സൈന്യത്തെ തന്റെ രാഷ്ട്രീയ നേട്ടത്തിനായി നെതന്യാഹു ദുരുപയോഗം ചെയ്യുകയാണെന്നും അതനുവദിക്കാനാകില്ലെന്നുമാണ് യിസ്രായേൽ ബെയ്റ്റെനു തലവൻ അവിഗ്ഡോർ ലിബർമാൻ വിമർശിച്ചത്. ഇയാൻ സമീറിനെ പ്രശംസിച്ചും നെതന്യാഹുവിനെ വിമർശിച്ചും നെതന്യാഹുവിന്റെ മുഖ്യ എതിരാളി, ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ വിജയക്കുതിപ്പു നടത്തുന്ന ഗാഡി ഐസൻകോട്ടും രംഗത്തെത്തി.
ഇതോടെ താൻ ഇപ്പോൾ ഇറാനെതിരേ ഏറ്റുമുട്ടലിനു തയാറില്ല എന്ന പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തി. ഇസ്രയേലിന്റെ തെരഞ്ഞെടുപ്പിൽ ഇറാൻ ഇടപെടാൻ ശ്രമിക്കുന്നു എന്ന് സമീർ തന്നെ പറഞ്ഞ വസ്തുത ആരോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും നെതന്യാഹു വിശദീകരിച്ചു. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ തുനിയുകയോ അല്ലെങ്കിൽ അമെരിക്ക വീണ്ടും പുതിയൊരു റൗണ്ട് പോരാട്ടം ഇറാനെതിരേ ആരംഭിക്കുകയും ഇസ്രയേലിന് ആക്രമണ-പ്രതിരോധ പ്രവർത്തനങ്ങൾക്ക് യുഎസ് പൂർണ പിന്തുണ നൽകുകയും ചെയ്യുകയോ ആണെങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഐഡിഎഫ് ഇനിയൊരു യുദ്ധത്തിന് ഇറങ്ങൂ എന്നാണ് ഇയാൻ സമീർ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രയേൽ തെഞ്ഞെടുപ്പിൽ ഇറാൻ പ്രശ്നം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് മുൻ ഇസ്രയേലി ആക്രമണങ്ങളിൽ ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ ഭീഷണികൾക്ക് അന്ത്യം കുറിക്കാൻ ഐഡിഎഫ് ശ്രമിച്ചത്. ആ തകർച്ചയിൽ നിന്നും പെട്ടെന്നു മോചിതരാകാൻ ഇറാനാകില്ല എന്നാണ് ഇസ്രയേലിന്റെ വിശ്വാസം. അതു കൊണ്ടു തന്നെ മുൻപു പ്രസ്താവിച്ച രണ്ടു കാര്യങ്ങളിൽ എന്തെങ്കിലുമൊന്നു സംഭവിക്കാതെ ഇനിയൊരു ഏറ്റുമുട്ടൽ വേണ്ടെന്നാണ് ഐഡിഎഫ് തലവന്റെ നിരീക്ഷണം.