വീണ്ടും വിമാനറാഞ്ചൽ ഭീഷണി

 
World

വീണ്ടും വിമാനറാഞ്ചൽ ഭീഷണി: ഫ്രാങ്ക്ഫർട്ട്-ഡൽഹി വിമാനം ജയ്പൂരിലേയ്ക്കു തിരിച്ചു വിട്ട് എയർ ഇന്ത്യ

പൈലറ്റ് ‘ഹൈജാക്ക്’ അലെർട്ട് കോഡ് ഉപയോഗിച്ചതിനെ തുടർന്നാണ് ബോയിങ് 787-9 വിമാനമായ AI2030 തിരിച്ചു വിട്ടത്

Reena Varghese

ന്യൂഡൽഹി: സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച ഫ്രാങ്ക് ഫർട്ടിൽ നിന്ന് ഡൽഹിയിലേയ്ക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂരിലേയ്ക്കു തിരിച്ചു വിട്ടു. ബോയിങ് 787-9 വിമാനമായ AI2030, ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും കൂടുതൽ സുരക്ഷാ പരിശോധനകൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.

സുരക്ഷാ ഭീഷണിയെ തുടർന്നുള്ള അടിയന്തര ലാൻഡിംഗിനെക്കുറിച്ച് വിമാനത്താവള അധികൃതർ പൊലീസിന് വിവരം നൽകിയതായി മാളവ്യ നഗർ അസിസ്റ്റന്‍റ് കമ്മീഷണർ ഒഫ് പൊലീസ് ശിവ് ദയാൽ അറിയിച്ചു. ഐസൊലേഷൻ ബേയിൽ നിലയുറപ്പിച്ച വിമാനത്തിൽ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരിച്ചിറക്കിയത് പൈലറ്റിന്‍റെ ‘ഹൈജാക്ക്’

അലെർട്ട് കോഡിനെ തുടർന്ന്

മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ വിമാനം സഞ്ചരിക്കവേ, വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ നിയമവിരുദ്ധമായ ഇടപെടൽ എന്നിവ വ്യക്തമാക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡായ ‘സ്ക്വാക്ക് കോഡ് 7500’ പൈലറ്റ് സജീവമാക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പി.റ്റി.ഐ റിപ്പോർട്ട് ചെയ്തു.

തുടർന്നാണ് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം, പൈലറ്റുമാരെയും യാത്രക്കാരെയും സുരക്ഷാ മേൽനോട്ടത്തിൽ ഘട്ടം ഘട്ടമായി പുറത്തിറക്കി. നിലവിൽ യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.