വാന്‍സിന്‍റെ പരാമര്‍ശങ്ങള്‍ അനാവശ്യവും അങ്ങേയറ്റം അധിക്ഷേപകരവും: ഇന്ത്യ

 
World

വാന്‍സിന്‍റെ പരാമര്‍ശങ്ങള്‍ അനാവശ്യവും അങ്ങേയറ്റം അധിക്ഷേപകരവും: ഇന്ത്യ

കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണെന്നും ഇന്ത്യ

Reena Varghese

ന്യൂഡല്‍ഹി: വിദേശ തൊഴിലാളികളെക്കുറിച്ചുള്ള യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ പരാമര്‍ശങ്ങള്‍ അനാവശ്യവും അങ്ങേയറ്റം അധിക്ഷേപകരവുമാണെന്ന് ഇന്ത്യ. പ്രതിഭകളുടെ കൈമാറ്റം (talent mobility) ഇരു സമ്പദ്വ്യവസ്ഥകളുടെയും മൂല്യം വര്‍ധിപ്പിക്കുന്നുവെന്നും, അമെരിക്കയിലെ ഇന്നൊവേഷന്‍, ഉത്പാദനക്ഷമത, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

എട്ട് ഐടി കമ്പനികള്‍ക്കുള്ള 'പെര്‍മനന്‍റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍' അപേക്ഷകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം, നിലവിലുള്ള എച്ച്-1ബി വിസകളുടെ സാധുതയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമെരിക്കന്‍ തൊഴിലാളികളെ മറികടന്ന് അമെരിക്കക്കാരല്ലാത്തവരെ നിയമിക്കുന്നതിനായി മൈക്രോസോഫ്റ്റ് PERM പ്രോഗ്രാം ദുരുപയോഗം ചെയ്യുന്നുവെന്ന് വാന്‍സ് ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. കമ്പനികള്‍ 'കരാർ അടിസ്ഥാനത്തിൽ സേവനം ചെയ്യുന്നവരെ ' (indentured servants) നിയമിക്കുന്നതിനു പകരം 'മികച്ച അമെരിക്കന്‍ തൊഴിലാളികളെ' നിയമിക്കണമെന്ന് വാൻസ് പറഞ്ഞു. ആഭ്യന്തര തൊഴിലിന് മുന്‍ഗണന നല്‍കേണ്ടതിന്‍റെ ആവശ്യകതയെ ന്യായീകരിച്ചു കൊണ്ടാണ് വാന്‍സ് ഇത് പറഞ്ഞത്. ഇതിനെതിരേയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം രംഗത്തുവന്നത്.

17-ഉം 18-ഉം നൂറ്റാണ്ടുകളിലെ യൂറോപ്യൻ കുടിയേറ്റക്കാർ, കടൽയാത്രയ്ക്കുള്ള ചെലവ് തിരിച്ചടയ്ക്കുന്നതിനായി വർഷങ്ങളോളം കരാർ അടിസ്ഥാനത്തിലുള്ള സേവകരായി ജോലി ചെയ്തിരുന്നവരാണ് indentured servants. വാൻസ് ഉപയോഗിച്ചതും ഇൗ വാക്കാണ്.

കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം കുറ്റകരമാണെന്നും അമെരിക്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും കുടിയേറ്റക്കാരുടെ തലമുറകള്‍ നല്‍കിയ സംഭാവനകളെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.