പ്രതീകാത്മക ചിത്രം

 
World

തായ്‌വാന് ആദ്യ 2 എഫ്-16വി യുദ്ധവിമാനങ്ങൾ കൈമാറി; 63 എണ്ണം കൂടി ലഭിക്കും

എഫ്-16വി ബ്ലോക്ക് 70 വിഭാഗത്തിൽപ്പെട്ട രണ്ട് യുദ്ധവിമാനങ്ങൾ തായ്‌വാനിലെ തൈതുങിലെ ചിഹാങ്ങ് വ്യോമതാവളത്തിൽ എത്തി

Sarath Nath MS

തായ്‌പേയ്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അമെരിക്കയിൽ നിന്ന് ഓർഡർ ചെയ്ത 65 എഫ്-16വി യുദ്ധവിമാനങ്ങളിൽ ആദ്യ രണ്ടെണ്ണം തായ്‌വാന് ലഭിച്ചു. തായ്‌വാന്‍ വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്.

എഫ്-16വി ബ്ലോക്ക് 70 വിഭാഗത്തിൽപ്പെട്ട രണ്ട് യുദ്ധവിമാനങ്ങൾ തായ്‌വാനിലെ തൈതുങിലെ ചിഹാങ്ങ് വ്യോമതാവളത്തിൽ എത്തി. ഇനി 63 വിമാനങ്ങൾ കൂടി ലഭിക്കാനുണ്ട്. 2019ലാണ് തായ്‌വാൻ അമെരിക്കയ്ക്ക് എഫ്-16വി വിമാനങ്ങൾക്ക് ഓർഡർ നൽകിയത്.

ചൈനയിൽ നിന്നുള്ള സൈനിക ഭീഷണി നേരിടുന്നതിനായി അമെരിക്കയിൽ നിന്നാണ് തായ്‌വാൻ പ്രധാനമായും ആയുധങ്ങൾ വാങ്ങുന്നത്. തായ്‌വാൻ തങ്ങളുടെ പ്രദേശത്തിന്‍റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. തായ്‌വാന് സമീപം ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും പതിവായി വിന്യസിക്കാറുണ്ട്. ആയുധ വിൽപ്പന സംബന്ധിച്ച് അമെരിക്കയുമായി തുടർച്ചയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് തായ്‌വാൻ പ്രതിരോധമന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഏകദേശം 30 ബില്യൺ ഡോളറിന്‍റെ ആയുധ ഓർഡറുകളിൽ ആദ്യമായി വിതരണം ചെയ്യപ്പെടുന്ന ആയുധങ്ങളാണ് എഫ്-16വി പോർവിമാനങ്ങൾ. ഉൽപാദനത്തിലെയും വിതരണ ശൃംഖലയിലെയും പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് വിമാനങ്ങളുടെ വിതരണം വൈകിയത്.

ഇതിനിടെ, 14 ബില്യൺ ഡോളറിന്‍റെ അധിക ആയുധ പാക്കേജിന് അമെരിക്കൻ ഭരണകൂടത്തിന്‍റെ അനുമതി ലഭിക്കുന്നതിനായി തായ്‌വാൻ കാത്തിരിക്കുകയാണ്. മെയ് മാസത്തിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ പാക്കേജ് അനിശ്ചിതത്വത്തിലായത്.

തായ്‌വാനിലേക്കുള്ള അമെരിക്കൻ ആയുധ വിൽപന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. തായ്‌വാനിലേക്കുള്ള ആയുധ വിൽപന അവസാനിപ്പിക്കണമെന്ന് ചൈന പലതവണ അമെരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷി ജിൻപിങ്ങും ഇക്കാര്യം വ്യക്തിപരമായി ഉന്നയിച്ചിരുന്നു.