യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ്
വാഷിങ്ടൺ: നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരേ പുതിയ ആക്രമണം ഉണ്ടാകുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് മൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പൽ എത്തുന്നു. 10,000ത്തോളം സൈനികരെ വഹിക്കുന്ന യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്ന കപ്പൽ നവംബർ അവസാനത്തോടെ പശ്ചിമേഷ്യയിൽ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
നിലവിൽ യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യു ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ പശ്ചിമേഷ്യയിൽ തുടരുന്നുണ്ട്. ഇതിനു പിന്നാലെയാണ് മൂന്നാമത്തെ കപ്പലിന്‍റെ വരവ്.
സാധാരണ ഗതിയിൽ പസഫിക് സമുദ്രത്തിലാണ് യുഎസ്എസ് ജോർജ് വാഷിങ്ടണിനെ വിന്യസിക്കാറുള്ളത്. എന്നാൽ ദീർഘകാലം ദൗത്യത്തിനായി നിയോഗിക്കപ്പെട്ട യുഎസ്എസ് എബ്രഹാം ലിങ്കനെ പിൻവലിച്ചതിനെ തുടർന്നാണ് യുഎസ്എസ് ജോർജ് വാഷിങ്ടണിനെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചത്.
മൂന്ന് വിമാനവാഹിനികളും കൂടി ചേരുന്നതോടെ മേഖലയിലെ യുഎസ് നാവികരുടെയും മറീനുകളുടെയും എണ്ണം 20,000ത്തിലധികമായി ഉയരും. കൂടാതെ നൂറുകണക്കിന് യുദ്ധവിമാനങ്ങളും ഉണ്ടാകും.
കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് ഇറാൻ മുന്നോട്ടുവച്ച സമാധാനത്തിനുള്ള നിർദ്ദേശം ട്രംപ് തള്ളിയിരുന്നു. ഖത്തറിന്‍റെ മധ്യസ്ഥതയിലൂടെയാണ് ഇറാൻ സമാധാന നിർദ്ദേശം മുന്നോട്ടുവച്ചത്. ഇറാൻ യുദ്ധത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറക്കണമെന്നുമാണ് അവർ ആഗ്രഹിക്കുന്നതെന്നുമാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.