ഇറാന്‍റെ ഭീഷണി; പശ്ചിമേഷ്യയിലെ നാല് യുഎസ് എംബസികളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള ഭീഷണി വർധിച്ച സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ നാല് യുഎസ് എംബസികളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ അമെരിക്കയുടെ തീരുമാനം. മേഖലയിലും മറ്റു രാജ്യങ്ങളിലും അമെരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ഇറാന്‍റെ നീക്കങ്ങൾ ശക്തമായതായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
ജോർദാൻ, ലെബനൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ അമെരിക്കൻ എംബസികളിലാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. നേരത്തേ തന്നെ നിയന്ത്രിത പ്രവർത്തനരീതിയിലുള്ള എംബസികളാണിവ. ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും എംബസികൾ പ്രവർത്തനം തുടരും. സൗദി അറേബ്യയിൽ അനിവാര്യമല്ലാത്ത ജോലികളിലുള്ള യുഎസ് ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ ബുധനാഴ്ച നിർദേശിച്ചിരുന്നു. ഇറാനിൽ നിന്നും ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരിൽ നിന്നുമുള്ള ഭീഷണികളാണ് നടപടിക്ക് പിന്നിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അമെരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള ശ്രമങ്ങൾ ഇറാൻ ഗണ്യമായി വർധിപ്പിച്ചതായി ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്റ്റർ ജെയ് ക്ലേറ്റൺ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് വെള്ളിയാഴ്ച അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലും മറ്റു ചില രാജ്യങ്ങളിലും അമെരിക്കൻ പൗരന്മാർക്കെതിരായ മാരകമായ ആക്രമണപദ്ധതികൾ അന്തിമ ഘട്ടത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിന് ഇറാനെതിരേ അമെരിക്കയും ഇസ്രായേലും പുതിയ ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയുമായി ബന്ധമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇറാനിലെ സൈനിക നടപടികളെ വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയിൽ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പുകഴ്ത്തിയിരുന്നു. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ നടത്തിയ സൈനിക നീക്കങ്ങളെ പരാമർശിച്ച ട്രംപ്, വീണ്ടും സമാനമായ നടപടി സ്വീകരിച്ചേക്കാമെന്നും അല്ലെങ്കിൽ ചർച്ചയ്ക്ക് ഇറാൻ തയ്യാറാകണമെന്നും പറഞ്ഞു.