ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

 
World

എഫ്ബിഐ ആസ്ഥാനം വാഷിങ്ടണിലെ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിന് വിലക്ക്

രാജ്യത്തെ പ്രധാന നിയമനിര്‍വഹണ ഏജന്‍സിയായ എഫ്ബിഐയുടെ ആസ്ഥാനം എവിടെ സ്ഥാപിക്കണമെന്നതിനെച്ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്

Sarath Nath MS

വാഷിങ്ടണ്‍: എഫ്ബിഐയുടെ ആസ്ഥാനം വാഷിങ്ടണിലെ ഫെഡറല്‍ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം കോടതി തടഞ്ഞു. സമീപത്തെ മേരിലാന്‍ഡില്‍ പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നേരത്തെ അംഗീകരിച്ച പദ്ധതി നിയമവിരുദ്ധമായി ഒഴിവാക്കിയാണ് ട്രംപ് ഭരണകൂടം പുതിയ നീക്കം നടത്തിയതെന്ന് കോടതി കണ്ടെത്തി.

രാജ്യത്തെ പ്രധാന നിയമനിര്‍വഹണ ഏജന്‍സിയായ എഫ്ബിഐയുടെ ആസ്ഥാനം എവിടെ സ്ഥാപിക്കണമെന്നതിനെച്ചൊല്ലി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്.

മുന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് മേരിലാന്‍ഡിലെ ഗ്രീന്‍ബെല്‍റ്റ് പ്രദേശമാണ് എഫ്ബിഐ ആസ്ഥാനത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ ഈ തീരുമാനം മാറ്റാന്‍ ശ്രമിച്ചു. നിലവിലെ ആസ്ഥാനത്തിന് ഏതാനും ബ്ലോക്കുകള്‍ അകലെയുള്ള ഫെഡറല്‍ ഓഫിസ് സമുച്ചയമായ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് എഫ്ബിഐക്കായി ഉപയോഗിക്കാനായിരുന്നു പുതിയ നീക്കം.

എന്നാൽ മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ കാലത്ത് നിയമിതനായ യുഎസ് ജില്ലാ ജഡ്ജി തിയോഡോര്‍ ഡി. ചുവാങ് ഈ നീക്കം നിയമാനുസൃതമല്ലെന്ന് വിധിച്ചു. റീഗന്‍ ബില്‍ഡിങ്ങിലേക്ക് എഫ്ബിഐ ആസ്ഥാനം മാറ്റുന്നതും കെട്ടിടം എഫ്ബിഐക്കായി നവീകരിക്കുന്നതും പദ്ധതിക്കായി മാറ്റിവച്ച ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അദ്ദേഹം തടഞ്ഞു.

മേരിലാന്‍ഡ് സംസ്ഥാനവും പ്രിന്‍സ് ജോര്‍ജ്‌സ് കൗണ്ടിയും ചേര്‍ന്നാണ് കേസ് നല്‍കിയത്. എഫ്ബിഐ ആസ്ഥാനം സ്വന്തമാക്കുന്നതിനായി മേരിലാന്‍ഡും പ്രിന്‍സ് ജോര്‍ജ്‌സ് കൗണ്ടിയും ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിക്കുകയും നൂറുകണക്കിന് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി മേരിലാന്‍ഡ് അറ്റോര്‍ണി ജനറല്‍ ആന്‍റണി ബ്രൗണ്‍ പറഞ്ഞു. റീഗന്‍ ബില്‍ഡിങ്ങിലേക്ക് ആസ്ഥാനം മാറ്റാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നിയമവിരുദ്ധ ശ്രമം തടഞ്ഞതിലൂടെ ഗ്രീന്‍ബെല്‍റ്റിലേക്കുള്ള പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള വഴി കോടതി തുറന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എഫ്ബിഐയോ യുഎസ് നീതിന്യായ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെന്‍സില്‍വാനിയ അവന്യൂവിലെ നിലവിലെ എഫ്ബിഐ ആസ്ഥാനമായ ജെ. എഡ്ഗര്‍ ഹൂവര്‍ ബില്‍ഡിങ് 1975ലാണ് തുറന്നത്. കെട്ടിടത്തിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായ നിലയിലാണെന്നും കെട്ടിടത്തില്‍നിന്ന് വീഴുന്ന അവശിഷ്ടങ്ങളില്‍ നിന്ന് കാല്‍നടയാത്രക്കാരെ സംരക്ഷിക്കാന്‍ വലകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആസ്ഥാനം മാറ്റുന്നതിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. വിര്‍ജീനിയയെ പിന്തള്ളിയാണ് മേരിലാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ കടുത്ത മത്സരമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.

"നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു"; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ

രാമക്ഷേത്ര കൊള്ള; ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിക്ക് ക്ലീൻ ചിറ്റ്

അമെരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്

മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി; മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ റെയ്ഡ്

ബംഗാള്‍ സര്‍ക്ക്യൂട്ട് ഹൗസ് ഒഴിയാന്‍ ആവശ്യപ്പെട്ട സംഭവം; പ്രിവിലേജ് നോട്ടീസ് നല്‍കി മഹുവ മൊയ്ത്ര