ഡോണൾഡ് ട്രംപ് | മുജ്തബ ഖമനേയി
വാഷിങ്ടൺ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി കൊല്ലപ്പെടുകയോ മസ്തിഷ്ക മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന വാദങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഗ്ലെൻ ബെക്കുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"ഖമനേയിക്ക് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്, എന്നാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ, അവസാന തീരുമാനങ്ങൾക്കായി അദ്ദേഹത്തെ കാണാൻ പോകുന്നു എന്ന് പുറത്തറിയിച്ച് ഇറാൻ വലിയൊരു നാടകമാണ് കളിക്കുന്നത്," ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്ക നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിലാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്‍റെ മകൻ മുജ്തബ ഖമനേയിയെ ഇറാന്‍റെ പുതിയ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരുക്കേറ്റത്. അദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ ഒരു വശത്തിന് (ഇടതു കൈയ്ക്കും കാലിനും) കടുത്ത ആഘാതമേറ്റിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഭരണമേറ്റെടുത്ത ശേഷം മുജ്തബ ഖമനേയിയുടേതായി പുതിയ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവന്നിട്ടില്ല. അദ്ദേഹം മരിച്ച നിലയിലാണെന്ന് 'ദി അറ്റ്ലാന്‍റിക്' റിപ്പോർട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
അതേസമയം, ഇറാനുമായി ആറു മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. പേർഷ്യൻ ഉൾക്കടലിലെ 'ഹോർമുസ് കടലിടുക്കിലെ' പുതിയ ഉപരോധം അമെരിക്ക നീക്കണമെന്നാണ് ഇറാന്‍റെ പ്രധാന ആവശ്യം. എന്നാൽ, കടലിടുക്കിലെ ചരക്കുനീക്കം ഇപ്പോൾ സാധാരണ നിലയിലേക്ക് വരുന്നുണ്ടെന്നും കടലിൽ സ്ഥാപിച്ചിരുന്ന മൈനുകൾ നീക്കം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. ഇടയ്ക്കിടെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും കപ്പൽ ഗതാഗതം സജീവമാണെന്നാണ് യുഎസ് നിലപാട്.