യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

 

file photo

World

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റാൻ സുന്ദർ പിച്ചൈ സമ്മതിച്ചില്ല; അല്ലെങ്കിൽ ‘ട്രംപ് ഓഷ്യൻ’ എന്നാക്കുമായിരുന്നെന്ന് ഡോണൾഡ് ട്രംപ്

അതേസമയം, പസഫിക് സമുദ്രത്തിന്‍റെ പേര് ‘അമെരിക്കൻ ഓഷ്യൻ’ എന്നാക്കാനുള്ള സാധ്യതയും ട്രംപ് മുന്നോട്ടുവച്ചു

Sarath Nath MS

വാഷിങ്ടൺ: അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റി ‘ട്രംപ് ഓഷ്യൻ’ എന്നാക്കാനുള്ള നിർദേശം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നിരസിച്ചെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് ഗൂഗിൾ മാപ്പിൽ മാറ്റുന്നതിനെക്കുറിച്ച് പിച്ചൈയുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഒക്റ്റോബർ 21ന് ദക്ഷിണ കരോലിനയിൽ നടന്ന റാലിയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തേ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമെരിക്ക’ എന്നാക്കി ഗൂഗിൾ മാപ്പിൽ പ്രദർശിപ്പിച്ചതിനെ പരാമർശിച്ചായിരുന്നു പുതിയ നിർദേശത്തെക്കുറിച്ചുള്ള ട്രംപിന്‍റെ പരാമർശം. അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചിരുന്നുവെന്നും തുടർന്ന് ഗൂഗിൾ മാപ്പുമായി ബന്ധപ്പെട്ടെന്നും ട്രംപ് പറഞ്ഞു. ഗൂഗിളിന്‍റെ സുന്ദർ പിച്ചൈയുമായി സംസാരിച്ചപ്പോൾ അദ്ദേഹം നിർദേശത്തോട് വിയോജിച്ചെന്നാണ് ട്രംപിന്‍റെ വിശദീകരണം.

''സുന്ദർ, അറ്റ്ലാന്‍റിക് സമുദ്രത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. നിങ്ങൾക്ക് അത് ചെയ്യാനാകുമോ?'' എന്ന് താൻ ചോദിച്ചതായി ട്രംപ് പറഞ്ഞു. ''നോ, നോ, നോ. ഇത്തവണ ഞാനത് ചെയ്യില്ല. സമുദ്രങ്ങളുടെ കാര്യം വ്യത്യസ്തമാണ്. അവ നിരവധി രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്നു. അങ്ങനെ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടരുത്'' എന്നായിരുന്നു പിച്ചൈയുടെ മറുപടിയെന്ന് ട്രംപ് പറഞ്ഞു.

അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ പേര് മാറ്റാനുള്ള നിർദേശത്തിൽ നിന്ന് പിന്മാറുന്നതായി ട്രംപ് സൂചിപ്പിച്ചു. ''അപ്പോൾ ഞാൻ ഈ ആശയം ഉപേക്ഷിക്കാം. അറ്റ്ലാന്‍റിക് സമുദ്രം എന്ന പേര് തന്നെ നിലനിർത്താം, അല്ലേ?'' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം, പസഫിക് സമുദ്രത്തിന്‍റെ പേര് ‘അമെരിക്കൻ ഓഷ്യൻ’ എന്നാക്കാനുള്ള സാധ്യതയും ട്രംപ് മുന്നോട്ടുവച്ചു. അത്തരമൊരു നീക്കത്തോട് യൂറോപ്യൻ രാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന കാര്യവും അദ്ദേഹം റാലിയിൽ പരാമർശിച്ചു.

അമെരിക്കൻ ഐക്യനാടുകളുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്നതാണ് അറ്റ്ലാന്‍റിക്, പസഫിക് എന്നീ സമുദ്രങ്ങൾ. അമെരിക്കയുടെ കിഴക്കൻ തീരത്ത് അറ്റ്ലാന്‍റിക് സമുദ്രവും പടിഞ്ഞാറൻ തീരത്ത് പസഫിക് സമുദ്രവുമാണ്.