ഉഗാണ്ടയുടെ പുതിയ രാജാവ്, മാധ്യമ പ്രവർത്തകനായ എഡ്വേഡ് റുകിഡി ന്യാബോങ്കോ.

 
World

മാധ്യമപ്രവർത്തകൻ രാജാവായി, അങ്ങ് ഉഗാണ്ടയിൽ; വെല്ലുവിളിക്കാൻ അജ്ഞാത ശിശു!

ടെലിവിഷൻ ജേണലിസ്റ്റായ രാജകുമാരൻ ഉഗാണ്ടായിൽ അധികാരത്തർക്കത്തിനിടെ പുതിയ രാജാവായി തെരഞ്ഞെടുക്കപ്പെട്ടു. രാജമാതാവിന്‍റെ എതിർപ്പും പഴയ രാജാവിന്‍റെ അജ്ഞാത സന്തതിയെക്കുറിച്ചുള്ള വിവാദവും തുടരുന്നു.

MV Desk

ഉഗാണ്ടയിലെ തൂറോ രാജവംശത്തിൽ, മുൻ ടിവി മാധ്യമപ്രവർത്തകനായ എഡ്വേഡ് റുകിഡി ന്യാബോങ്കോ 2026 സെപ്റ്റംബർ 29-ന് പുതിയ രാജാവായി കിരീടധാരണം ചെയ്യപ്പെടുന്നു. ഓഗസ്റ്റിൽ 34-ാം വയസിൽ കാൻസർ ബാധിച്ച് അന്തരിച്ച രാജാവ് ഒയോ ന്യിംബയ്ക്ക് പരസ്യമായ അനന്തരാവകാശി ഇല്ലാതിരുന്നതിനെ തുടർന്ന്, ബാബിയിറ്റോ രാജകുടുംബത്തിലെ മുതിർന്നവർ ന്യാബോങ്കോയെ തെരഞ്ഞെടുത്തു. രാജമാതാവ് ബെസ്റ്റ് കെമിഗിസ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും, ഒയോയ്ക്ക് ഒരു രഹസ്യ മകനുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. ഫോർട്ട് പോർട്ടലിൽ നടക്കുന്ന കിരീടധാരണ ചടങ്ങ് പിന്തുടർച്ചാവകാശ തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്.

കമ്പാല: കഴിഞ്ഞ മാസം തങ്ങളുടെ കുട്ടി രാജാവിനെ നഷ്ടപ്പെട്ട്, കടുത്ത ദുഃഖത്തിലും പിന്തുടർച്ചാവകാശ തർക്കത്തിലും അകപ്പെട്ട ഉഗാണ്ടയിലെ തൂറോ രാജവംശത്തിന് പുതിയ രാജാവ്- ഒരു ടെലിവിഷൻ മാധ്യമപ്രവർത്തകൻ. ഉഗാണ്ട ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനിൽ ദീർഘകാലം ബ്രോഡ്കാസ്റ്ററായും എഡിറ്ററായും ജോലി ചെയ്തിരുന്ന ഒരു രാജകുമാരനാണ് പുതിയ രാജാവാകുന്നത്. എഡ്വേഡ് റുകിഡി ന്യാബോങ്കോ എന്ന രാജകീയ നാമമാണ് അദ്ദേഹം സ്വീകരിച്ചത്.

മൂന്നാം വയസിൽ, പിതാവിന്‍റെ മരണശേഷം 1995-ൽ കിരീടധാരണം ചെയ്യപ്പെട്ടയാളായിരുന്നു അന്തരിച്ച കുട്ടി രാജാവ് ഒയോ ന്യിംബ. വർണാഭമായ വസ്ത്രങ്ങളണിഞ്ഞ കൗതുകമുണർത്തുന്ന ഒരു കുട്ടിയായിരുന്നു അദ്ദേഹം- ലക്ഷക്കണക്കിന് അനുയായികളുടെ ആരാധനാപാത്രം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്ന അനൗദ്യോഗിക പദവി ഒരിക്കൽ ഒയോയ്ക്ക് ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയുടെ നെൽസൺ മണ്ടേല ഉൾപ്പെടെ ദേശീയ പരിപാടികളിൽ പരിചയപ്പെട്ട ലോക നേതാക്കൾക്കു പോലും അദ്ദേഹം കൗതുകമുണർത്തുന്ന വ്യക്തിത്വമായിരുന്നു. 18 വയസ് തികയുന്നതുവരെ, രാജ്യം നിയോഗിച്ച റീജന്‍റുമാരുടെ മാർഗനിർദേശത്തിലായിരുന്നു ഒയോ വളർന്നത്.

അന്തരിച്ച രാജാവ് ഒയോ ന്യിംബ; മൂന്നാം വയസിൽ രാജായാവയപ്പോഴത്തെ ചിത്രം (വലത്ത്).

ഓഗസ്റ്റിൽ 34-ാം വയസിൽ കാൻസർ ബാധിച്ച് അന്തരിച്ച രാജാവ് ഒയോ ന്യിംബയ്ക്ക്, പരസ്യമായി അറിയപ്പെടുന്ന ഒരു അനന്തരാവകാശി ഇല്ലായിരുന്നു. പുതിയ രാജാവ് ന്യാബോങ്കോ ആകട്ടെ, പിന്തുടർച്ചാവകാശ പട്ടികയിൽ അത്ര ഉയർന്ന സ്ഥാനത്തൊന്നുമായിരുന്നുമില്ല. എന്നാൽ, ബാബിയിറ്റോ എന്നറിയപ്പെടുന്ന ഭരണകുടുംബത്തിലെ മുതിർന്നവർ, യോഗ്യരായ രാജകുമാരന്മാരുടെ കൂട്ടത്തിൽനിന്ന് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു.

ന്യാബോങ്കോയുടെ തെരഞ്ഞെടുപ്പിനെ രാജമാതാവ് ബെസ്റ്റ് കെമിഗിസ ചോദ്യം ചെയ്തു. രാജാവ് ഒയോയുടെ രേഖാമൂലമുള്ള വിൽപ്പത്രം പാലിക്കാതെയാണ് ന്യാബോങ്കോയെ തെരഞ്ഞെടുത്തതെന്നാണ് അവരുടെ ആരോപണം. ഒയോയ്ക്ക് ഒരു ഇളംപ്രായക്കാരനായ മകനുണ്ടെന്നും, ശരിയായ സമയത്ത് ആ കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുമെന്നും കെമിഗിസ പറഞ്ഞു.

സെപ്റ്റംബർ 12-ന് നടന്ന ഒയോയുടെ സംസ്കാര ചടങ്ങിൽ, രാജാവിന്‍റെ ഭൗതികശരീരത്തിന്‍റെ കസ്റ്റഡിയെച്ചൊല്ലി അസ്വാരസ്യമുണ്ടാക്കിയ രംഗങ്ങൾ അരങ്ങേറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഒയോയുടേതെന്നു പറയപ്പെടുന്ന മകനെ ഇതുവരെ പുറംലോകത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും, "ബേബി ഒയോ" എന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ആ കുട്ടി ജീവിച്ചിരിപ്പുണ്ടെങ്കിൽ, പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ രാജ്യത്തെ മുതിർന്നവർക്കു മുന്നിൽ പരിചയപ്പെടുത്തേണ്ടതായിരുന്നു എന്നാണ് വിമർശകരുടെ വാദം.

ഒയോ രാജാവിന്‍റെ അജ്ഞാത സന്തതി എന്ന പേരിൽ പ്രചരിക്കുന്ന എഐ ചിത്രം.

1960-കളിൽ, ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽനിന്ന് ഉഗാണ്ട സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ, രാജ്യത്തെ ഏകീകരിക്കാൻ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ച റിപ്പബ്ലിക്കൻ പ്രസിഡന്‍റ്, പരമ്പരാഗത രാജവംശങ്ങളെ നിരോധിച്ചിരുന്നു. എന്നാൽ, 1993-ൽ ഇവ പുനഃസ്ഥാപിക്കപ്പെട്ടു.

ഈ കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് പരമ്പരാഗത നേതാക്കൾക്ക് ഔദ്യോഗിക അധികാരമൊന്നും ഇല്ല. പാർട്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നതും നിയമപരമായി വിലക്കിയിട്ടുണ്ട്. എന്നാൽ, പരമ്പരാഗത സംസ്കാരത്തിന്‍റെ കാവൽക്കാർ എന്ന നിലയിൽ തങ്ങളുടെ ജനങ്ങൾക്കിടയിൽ ഇവർക്ക് അതിശക്തമായ സ്വാധീനമുണ്ട്.

രാജ മാതാവ് ബെസ്റ്റ് കെമിഗിസ ഒയോ രാജാവിനൊപ്പം.

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

"സതീശൻ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു