പ്രതീകാത്മക ചിത്രം

 
World

പരിശീലന പറക്കലിനിടെ ഫിലിപ്പീൻസിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; നാല് പൈലറ്റുമാർ മരിച്ചു

താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെയാണ് എസ്എഫ്-260 വിഭാഗത്തിൽപ്പെട്ട രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നത്

Sarath Nath MS

മനില: ഫിലിപ്പീൻസിൽ പരിശീലന പറക്കലിനിടെ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണ് നാല് പൈലറ്റുമാർ മരിച്ചു. തലസ്ഥാനമായ മനിലയ്ക്ക് തെക്കുള്ള ബറ്റാംഗാസ് പ്രവിശ്യയിലെ ലിപ നഗരത്തിലെ ഫെർണാണ്ടോ വ്യോമതാവളത്തിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് താഴ്ന്ന ഉയരത്തിൽ പറക്കുന്നതിനിടെ എസ്എഫ്-260 വിഭാഗത്തിൽപ്പെട്ട രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നത്. അപകടത്തിൽ വിമാനത്താവളത്തിന് പുറത്തുള്ള ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിന്‍റെ കാരണത്തെക്കുറിച്ച് വ്യോമസേന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള രണ്ട് ഫിലിപ്പീൻസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

തകർന്ന വിമാനങ്ങളിലൊന്ന് സൈനികരുടെ താമസകെട്ടിടത്തിന് സമീപമാണ് പതിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ശേഷിക്കുന്ന എസ്എഫ്-260 വിമാനങ്ങളുടെ പറക്കൽ താൽക്കാലികമായി നിർത്തിവെച്ചതായി വ്യോമസേന അറിയിച്ചു. എത്ര വിമാനങ്ങൾ നിലവിൽ ശേഷിക്കുന്നുവെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

സാമ്പത്തിക പരിമിതികൾ കാരണം വ്യോമസേനയെയും നാവികസേനയെയും കരസേനയെയും ആധുനികവത്കരിക്കാൻ ദീർഘകാലമായി ബുദ്ധിമുട്ടുന്ന ഫിലിപ്പീൻസ് സൈന്യത്തിന് തിരിച്ചടിയാണ് ഈ അപകടം.