ശ്രീലങ്കൻ പൗരൻ ശിവരശ അനോജൻ
കൊളംബോ: സമൂഹമാധ്യമത്തിലെ പരാമർശത്തിന്‍റെ പേരിൽ സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ പൗരൻ ശിവരശ അനോജനെതിരായ എല്ലാ നിയമനടപടികളും സൗദി അധികൃതർ അവസാനിപ്പിച്ചു. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ കുറ്റങ്ങളിൽ നിന്നും മോചിതനായ അനോജനെ രണ്ടാഴ്ചയ്ക്കുള്ളിൽ തിരികെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നു ഹെറാത്ത്.
അനോജന്‍റെ കുടുംബാംഗങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെത്തി പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 26നാണു മതനിന്ദാ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഈസ്റ്റേൺ പ്രവിശ്യാ അപ്പീൽ കോടതി അനോജന് വധശിക്ഷ വിധിച്ചത്. ശ്രീലങ്കൻ സർക്കാരിന്‍റെ നയതന്ത്ര ഇടപെടലുകളുടെ ഫലമായി കഴിഞ്ഞ 14ന് കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ മറ്റ് ശിക്ഷാ നടപടികൾ നിലനിന്നിരുന്നതിനാൽ പൂർണ മോചനത്തിനായി ശ്രീലങ്കൻ അധികൃതർ നയതന്ത്ര ശ്രമങ്ങൾ തുടർന്നുവരികയായിരുന്നു. അനോജന്‍റെ കുടുംബാംഗങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെത്തി പ്രസിഡന്‍റ് അനുര കുമാര ദിസനായകെയ്ക്കും ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.