മുൻ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ഇപ്പോൾ പോപ്പ് ലിയോ പതിനാലാമൻ (ഇടത്), അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോൺ പ്രെവോസ്റ്റ് (മധ്യത്തിൽ) ലൂയിസ് പ്രെവോസ്റ്റ്
(Courtesy of Deborah Prevost)
റോം: ശ്വാസകോശാർബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനായ മാർപ്പാപ്പ ലിയോ പതിനാലാമനു പുറമേ അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അർബുദ ബാധിതനായതായി വെളിപ്പെടുത്തൽ . ഫ്ലോറിഡയിൽ താമസിക്കുന്ന ലൂയിസ് പ്രെവോസ്റ്റിന് മൾട്ടിപ്പിൾ മൈലോമ ബാധിച്ചതായി അറിയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഡെബോറയാണ്. എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഡെബോറ ഇതു സ്ഥിരീകരിച്ചത്.
പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ് മൾട്ടിപ്പിൾ മൈലോമ. 2017-ൽ ലൂയിസിന് ഈ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 2019-ൽ സ്റ്റെം സെൽ ചികിത്സ ഉൾപ്പെടെയുള്ളവയിലൂടെ രോഗാവസ്ഥ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാൽ , മൂന്ന് മാസം മുമ്പ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നുവെന്ന് ഡെബോറ വ്യക്തമാക്കി. നിലവിൽ ഫ്ലോറിഡയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ ക്ലിനിക്കൽ ട്രയൽ ചികിത്സയിലാണ് അദ്ദേഹം.
മാർപ്പാപ്പ ലിയോ പതിനാലാമൻ , സഹോദരൻ ലൂയിസ് പ്രൊവോസ്റ്റ്, ഭാര്യ ഡെബോറ പ്രൊവോസ്റ്റ്
കഴിഞ്ഞയാഴ്ച ലൂയിസും മാർപാപ്പയും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് 71 കാരനായ മാർപാപ്പയ്ക്ക് റോമിലെ ജെമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് അദ്ദേഹത്തിന് ലങ് അഡിനോകാർസിനോമ എന്ന ശ്വാസകോശാർബുദം സ്ഥിരീകരിക്കുകയായിരുന്നു.
ഒരേ കുടുംബത്തിൽ രണ്ട് പേർക്ക് കാൻസർ ബാധയുണ്ടായെന്ന വാർത്ത കത്തോലിക്കാ സഭയിലും ലോകമെമ്പാടുമുള്ള വിശ്വാസികളിലും വലിയ വിഷമമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാർപാപ്പയുടെയും സഹോദരന്റെയും രോഗമുക്തിക്കായി വിശ്വാസികൾ പ്രാർഥനയിലാണ്.