എസ്റ്റിക് 2026

 
World

എസ്റ്റിക് 2026: ശാസ്ത്രവും വികസിത ഭാരതവും

അവസരങ്ങളെ പ്രതീക്ഷകളോട് ചേർത്തുവയ്ക്കുന്നു

Reena Varghese

ഡോ. ജിതേന്ദ്ര സിങ്

"സമൂഹത്തിന്‍റെ സമഗ്ര പരിവർത്തനത്തിനുള്ള സുപ്രധാന ഘടകം പ്രധാനമായും ശാസ്ത്രത്തിൽ നിന്നാണ് ഉരുത്തിരിയേണ്ടത്'- 2006 ഫെബ്രുവരി 28ന് ദേശീയ ശാസ്ത്രദിനത്തിൽ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പങ്കുവച്ച വാക്കുകളാണിത്.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം സാങ്കേതികാധിഷ്ഠിത മുന്നേറ്റത്തിലൂടെ ലോകത്തിന്‍റെയാകെ ശ്രദ്ധയും അംഗീകാരവും നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ "വികസിത ഭാരത'ത്തിലേക്ക് നയിക്കുമ്പോൾ ഡോ. കലാമിന്‍റെ വാക്കുകൾ അക്ഷരാർഥത്തില്‍ അന്വർഥമാവുകയാണ്.

നാം എന്തെല്ലാം പുതിയ കാര്യങ്ങൾ കണ്ടെത്തുന്നു എന്നതിലൂടെ മാത്രമല്ല ശാസ്ത്രം പ്രസക്തമാകുന്നത്; മറിച്ച് ആ കണ്ടെത്തലുകള്‍ ജനങ്ങൾക്ക് എന്തെല്ലാം നേട്ടങ്ങൾ സാധ്യമാക്കുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോഴാണ്. മനുഷ്യ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശേഷിയിലാണ് ശാസ്ത്ര പുരോഗതിയുടെ യഥാർഥ മൂല്യം നിലകൊള്ളുന്നത്.

ഇന്ത്യ അതിവേഗം മുന്നേറുമ്പോൾ ഒരു വികസിത രാഷ്‌ട്രത്തിന്‍റെ പ്രതീക്ഷകൾ കേവലം സാമ്പത്തിക വളർച്ചയിലും ആധുനിക അടിസ്ഥാന സൗകര്യങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. മെച്ചപ്പെട്ട ആരോഗ്യ പരിപാലനം, കൂടുതൽ ഉല്പാദനക്ഷമമായ കാർഷിക മേഖല, കൂടുതൽ കരുത്തുറ്റ വ്യവസായങ്ങൾ, യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങൾ, ഒപ്പം ഓരോ പൗരനും ഉയർന്ന ജീവിതനിലവാരം എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

ഈ പ്രതീക്ഷകളോരോന്നും സാക്ഷാത്കരിക്കുന്നതിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വലിയ പങ്കു വഹിക്കാനുണ്ട്. നാം സൃഷ്ടിക്കുന്ന വിജ്ഞാനം ക്രിയാത്മക മാറ്റത്തിന്‍റെ ചാലകശക്തിയായി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം.

"എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ്' (എസ്റ്റിക്) 2026-ന്‍റെ വിശാല ലക്ഷ്യവും ഇതുതന്നെയാണ്. രണ്ടാം പതിപ്പിലെത്തിനിൽക്കുന്ന കോണ്‍ക്ലേവ് 2025ൽ തുടക്കമിട്ട ദേശീയ ചർച്ചകളെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുകയാണ്. ശാസ്ത്ര ഗവേഷണം, സാങ്കേതിക മുന്നേറ്റം, പ്രായോഗിക വിനിയോഗം എന്നിവ തമ്മിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. ഒരു പൊതു ദേശീയ ലക്ഷ്യത്തിനു പിന്നിൽ ശാസ്ത്രജ്ഞരെയും നയരൂപകർത്താക്കളെയും വ്യവസായ പ്രമുഖരെയും സ്റ്റാർട്ടപ്പുകളെയും യുവ ഗവേഷകരെയും ഒരൊറ്റ വേദിയിൽ അണിനിരത്താൻ ഇതിലൂടെ സാധിക്കുന്നു.

നമുക്കു മുന്നിലെ ചില സുപ്രധാന ചോദ്യങ്ങൾ അടിയന്തര പ്രാധാന്യമർഹിക്കുന്നവ കൂടിയാണ്: ശാസ്ത്രീയ മുന്നേറ്റങ്ങളിലൂടെ ഉല്പാദനക്ഷമത വർധിപ്പിക്കാൻ കർഷകരെ എങ്ങനെ സഹായിക്കാനാകും? ഗവേഷണങ്ങളിലൂടെ ആരോഗ്യപരിപാലനം കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കാൻ എങ്ങനെ സാധിക്കും? ഇന്ത്യൻ വ്യവസായങ്ങൾക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ആഗോളതലത്തിൽ മത്സരിക്കാനും നിർണായക വസ്തുക്കളുടെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും എങ്ങനെ കഴിയും? ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവയിലൂടെ രാജ്യത്തെ യുവതലമുറയ്ക്ക് പുതിയ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാം?

ഏതെങ്കിലുമൊരു സ്ഥാപനത്തിനോ പഠന ശാഖയ്‌ക്കോ മാത്രം ഉത്തരം നൽകാനാവുന്ന ചോദ്യങ്ങളല്ല ഇവ. ശാസ്ത്രജ്ഞർ വ്യവസായ മേഖലയുമായി സഹകരിക്കേണ്ടതും, ഗവേഷകർ പ്രായോഗിക ആവശ്യങ്ങൾ തിരിച്ചറിയേണ്ടതും നയ രൂപകർത്താക്കൾ പ്രതീക്ഷ നൽകുന്ന നൂതനാശയങ്ങൾ പരീക്ഷിക്കാനും വികസിപ്പിക്കാനും സാധിക്കുന്ന അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ടതും ഇതിന് അനിവാര്യമാണ്.

അത്യാധുനിക നിർമാണം, ഊർജ സാങ്കേതികവിദ്യകൾ, ബയോടെക്നോളജി, സമുദ്ര ശാസ്ത്രവും സമുദ്ര സാങ്കേതികവിദ്യകളും, ക്വാണ്ടം കമ്യൂണിക്കേഷൻ, സെമികണ്ടക്റ്ററുകള്‍, അഗ്രി- ടെക്, നിർമിതബുദ്ധി (എഐ), റോബോട്ടിക്സ്, നൂതന ആരോഗ്യപരിപാലനം, ഇമ്മേഴ്സീവ് സാങ്കേതികവിദ്യകൾ, ബഹിരാകാശ ശാസ്ത്രം എന്നിങ്ങനെ 12 പ്രധാന പ്രമേയങ്ങളിലൂടെയാണ് എസ്റ്റിക്- 2026 ഈ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നത്.

ഈ മേഖലകളോരോന്നും കേവലം ലബോറട്ടറികൾക്കപ്പുറം വ്യാപിക്കുന്ന വലിയ സാധ്യതകളാണ് തുറന്നിടുന്നത്. സെമികണ്ടക്‍ടര്‍ രംഗത്തെ മുന്നേറ്റങ്ങൾക്ക് ഇന്ത്യയുടെ സാങ്കേതിക ശേഷിയെ കൂടുതൽ ശക്തിപ്പെടുത്താനാവും. ബയോടെക്നോളജിയിലെ ഗവേഷണങ്ങൾക്ക് ആരോഗ്യപരിപാലനത്തിലും ഉല്പാദന മേഖലയിലും പുതിയ വാതായനങ്ങൾ തുറക്കാനാകും. നിർമിതബുദ്ധിയിലെയും റോബോട്ടിക്സിലെയും പുരോഗതിക്ക് വ്യാവസായിക പ്രക്രിയകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും; അതേസമയം കൃഷിയിലെയും ഊർജമേഖലയിലെയും ശാസ്ത്രീയ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ രീതികള്‍ക്ക് വഴിതെളിക്കും.

സാധ്യതകളിൽ നിന്ന് പ്രായോഗിക തലത്തിലേക്കുള്ള ചുവടുവെപ്പാണ് പ്രധാന വെല്ലുവിളി. ഒരു ശാസ്ത്രീയ കണ്ടെത്തലിന് വർഷങ്ങളുടെ ഗവേഷണം വേണ്ടിവന്നേക്കാം; എന്നാൽ അതിനെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമാക്കുന്ന തലത്തിലേക്ക് എത്തിക്കുന്നതിന് തുടർ പരീക്ഷണങ്ങളും നിക്ഷേപവും എന്‍ജിനീയറിങും പരസ്പര സഹകരണവും ആവശ്യമാണ്. പ്രാഥമിക ഗവേഷണ ചിന്ത മുതൽ ജനങ്ങൾക്ക് പ്രകടമായ നേട്ടങ്ങൾ ഉറപ്പാക്കുന്ന സാങ്കേതികവിദ്യയായി മാറുന്നതുവരെയുള്ള ഈ സമഗ്ര യാത്രയെ നാം ശക്തിപ്പെടുത്തിയേ തീരൂ.

ഇന്ത്യയുടെ ശാസ്ത്രാഭിലാഷങ്ങൾ ആത്യന്തികമായി നിലനിൽക്കുന്നത് രാജ്യത്തെ യുവതലമുറയുടെ പ്രതിഭയിലും ഭാവനയിലുമാണ്. മികച്ച ആശയങ്ങളുള്ള ഒരു യുവ ഗവേഷകന് അത് അവതരിപ്പിക്കാനും മുതിർന്ന ശാസ്ത്രജ്ഞരിൽനിന്ന് പഠിക്കാനും ആ ആശയത്തെ ഉപകാരപ്രദമായ ഒന്നാക്കി മാറ്റാൻ സഹായിക്കുന്നവരുമായി ബന്ധപ്പെടാനും അവസരങ്ങൾ ലഭിക്കണം.

"ഫ്രോണ്ടിയേഴ്‌സ് ഇൻ ഫോക്കസ്' സെഷനുകളിലൂടെയും "യങ് റിസേർച്ചേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സ് പിച്ച് കോർണറി'ലൂടെയും ഈ പ്രക്രിയയെ പ്രോത്സാഹിപ്പിക്കാനാണ് എസ്റ്റിക്- 2026 ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഗവേഷണ ശേഷിയെയും വളർന്നുവരുന്ന ഡീപ്- ടെക് ആവാസവ്യവസ്ഥയെയും "നെക്സ്റ്റ്-ജെൻ ഡിസ്കവറി എക്സ്പോ' അടയാളപ്പെടുത്തുമ്പോൾ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആശയവിനിമയങ്ങൾക്കും ഭാവി സഹകരണങ്ങൾക്കും "ഇന്നൊവേഷൻ എക്സ്ചേഞ്ച് ഹബ്ബ് ' വേദിയാകും.

ശാസ്ത്ര ഗവേഷണവും സംരംഭകത്വവും പരസ്പര പൂരകങ്ങളായി കൂടുതൽ വളരേണ്ടതുണ്ട്. പ്രത്യേകിച്ച് ഡീപ്- ടെക് സംരംഭങ്ങൾക്ക് ഒരു സാങ്കേതികവിദ്യ വിപണിയിലെത്തിക്കാൻ പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും ദീർഘവീക്ഷണത്തോടുകൂടിയ ക്ഷമാപൂർവമായ നിക്ഷേപവും സുസ്ഥിര സഹകരണവും അനിവാര്യമാണ്.

ഗവേഷണ സ്ഥാപനങ്ങൾക്ക് ശാസ്ത്ര വൈദഗ്ധ്യമുണ്ട്; സ്റ്റാർട്ടപ്പുകൾ സംരംഭകത്വ വീര്യം പകരുന്നു; വ്യാവസായിക ലോകത്തിന് ഉല്പാദന ആവശ്യകതകളും വിപണി താല്പര്യങ്ങളും വ്യക്തമായി അറിയാം; നിക്ഷേപകർക്ക് ഈ യാത്രയ്ക്ക് സാമ്പത്തിക പിന്തുണയേകാനും സാധിക്കും. ഈ ശക്തികളെല്ലാം ഒന്നിച്ചുചേരുമ്പോൾ ഗവേഷണങ്ങളെ പ്രയോജനപ്രദമായ ഉല്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യാനുള്ള സാധ്യതകൾ വർധിക്കുന്നു.

അത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച അവസരമാണ് എസ്റ്റിക്- 2026 ഒരുക്കുന്നത്. കോണ്‍ക്ലേവിലെ സാങ്കേതിക സെഷനുകളും പ്രദർശനങ്ങളും കേവലം നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ മാത്രമല്ല, സുപ്രധാന സഹകരണങ്ങളിലേക്ക് നയിക്കുന്ന ആശയവിനിമയങ്ങൾ സാധ്യമാക്കാൻ ഉദ്ദേശിച്ചുകൂടി വിഭാവനം ചെയ്തവയാണ്.

""വികസിത ഭാരതം@2047'' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ഗവണ്‍മെന്‍റിന് സ്വയം സാക്ഷാത്കരിക്കാനാവില്ല; കേവലം ശാസ്ത്ര ഗവേഷണങ്ങളിലൂടെ ആ ലക്ഷ്യം നേടിയെടുക്കാനും കഴിയില്ല. ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വ്യവസായ മേഖല, സംരംഭകർ, യുവ കണ്ടുപിടുത്തക്കാർ എന്നിവരുടെയെല്ലാം സംയോജിത പരിശ്രമം ഇതിന് അനിവാര്യമാണ്.

ശാസ്ത്രം ആത്യന്തികമായി സമൂഹത്തെ സേവിക്കണമെന്ന് ഡോ. കലാമിന്‍റെ വാക്കുകൾ നമ്മെ ഇപ്പോഴും ഓർമിപ്പിക്കുന്നു. ഒരു വികസിത രാഷ്‌ട്രത്തിനായി നാം പരിശ്രമിക്കുമ്പോൾ നമ്മുടെ വിജയം നാം നടത്തുന്ന കണ്ടുപിടുത്തങ്ങളിൽ മാത്രമല്ല, ആ കണ്ടുപിടുത്തങ്ങൾ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളിൽക്കൂടിയാണ് പ്രതിഫലിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്ര ശേഷിയെ സാധാരണക്കാരുടെ ആവശ്യങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും നൂതനാശയങ്ങളുടെ വാഗ്ദാനങ്ങളെ രാജ്യ പുരോഗതിയാക്കി മാറ്റുകയുമാണ് എസ്റ്റിക്- 2026ന് പിന്നിലെ മഹത്തായ ലക്ഷ്യം.

(കേന്ദ്ര ശാസ്ത്ര- സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, ആണവോർജം, ബഹിരാകാശം, പഴ്സണൽ, പൊതുപരാതി- പെൻഷൻ വകുപ്പുകളുടെ സഹമന്ത്രിയുമാണ് ലേഖകൻ)