"കണ്ടു പഠിക്കൂ ഇന്ത്യയെ'
യുഎസ് കേന്ദ്ര ബാങ്കിനെതിരേ ട്രംപിന്റെ വിമർശനം
വാഷിങ്ടൺ: രാഷ്ട്രീയ പ്രേരിതമായ ഫെഡറൽ റിസർവിന്റെ നിലപാടുകളാണ് അമെരിക്കയിൽ പലിശനിരക്ക് ഉയർന്നു നിൽക്കാൻ കാരണമെന്ന രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പലിശ നിരക്ക് കുറച്ചാൽ അമെരിക്കയ്ക്ക് 15-20 ശതമാനം വരെ ജിഡിപി വളർച്ച കൈവരിക്കാനാകും എന്നും ഇന്ത്യയെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ കുറഞ്ഞ പലിശ നിരക്കിന് ഒപ്പം ഏഴു ശതമാനം സാമ്പത്തിക വളർച്ചയുണ്ടെന്നും സമാനമായ സമീപനം സ്വീകരിച്ചാൽ അമെരിക്കയ്ക്കും ഉയർന്ന വളർച്ച നേടാനാകുമെന്നും ട്രംപ് വ്യക്തമാക്കി. രാഷ്ട്രീയ സ്വഭാവമുള്ള ഫെഡറൽ റിസർവാണ് അമെരിക്കയിൽ ഉയർന്ന പലിശ നിരക്കിന് പിന്നിലെന്നായിരുന്നു ട്രംപിന്റെ ആരോപണം. മികച്ച സാമ്പത്തിക കണക്കുകൾ പുറത്തു വരുമ്പോഴെല്ലാം പലിശ നിരക്ക് ഉയർത്തുകയാണ് ഫെഡറൽ റിസർവ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാമ്പത്തിക പ്രകടനം മെച്ചപ്പെടുമ്പോൾ പലിശ നിരക്ക് ഉയർത്തുന്നതിന് പകരം കുറയ്ക്കുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു. മികച്ച സാമ്പത്തിക വളർച്ചയും വായ്പ തിരിച്ചടവിനുള്ള ശേഷിയും പ്രകടമാകുമ്പോൾ കൂടുതൽ അനുകൂലമായ പലിശ നിരക്കാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെ ഉയര്‍ന്ന പലിശനിരക്ക് പ്രതികൂലമായി ബാധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയിൽ അമെരിക്കയുടെ സ്ഥാനവും മറ്റു രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിൽ അമെരിക്ക വഹിക്കുന്ന പങ്കും ചൂണ്ടിക്കാട്ടിയ ട്രംപ് , ചില രാജ്യങ്ങൾ സാമ്പത്തികമായി മുൻനിരയിൽ എത്തിയത് അമെരിക്കയുടെ പിന്തുണയിലൂടെയാണ് എന്നും പറഞ്ഞു. 2023 നു ശേഷം ആദ്യമായി സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബേസിക് പോയിന്റ് ഉയർത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. പണപ്പെരുപ്പം ഫെഡറലിന്റെ രണ്ടു ശതമാനം ലക്ഷ്യത്തേക്കാൾ ഉയർന്നു നിൽക്കുന്നതിനാൽ അത് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഫെഡറൽ ചെയർമാൻ കെവിൻ വാർഷ് ചൂണ്ടിക്കാട്ടി.പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനത്തെ ട്രംപ് നേരത്തെയും ശക്തമായി എതിർത്തിരുന്നു.