ആരു ഭരിക്കും ഇസ്രയേൽ? ഞായറാഴ്ച നിർണായകം

 
World

ആരു ഭരിക്കും ഇസ്രയേൽ? ഞായറാഴ്ച നിർണായകം

ഐസൻകോട്ടിനു പിന്തുണയുമായി രണ്ട് അറബ് പാർട്ടികൾ നെതന്യാഹുവിനു പിന്തുണയുമായി ഷാസ് പാർട്ടി

Reena Varghese

റീന വർഗീസ് കണ്ണിമല

ടെൽ അവീവ്: ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കാൻ കടുത്ത മത്സരമാണ് പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട് നടത്തുന്നത്. അദ്ദേഹത്തിന്‍റെ കടുത്ത പരിശ്രമങ്ങളെ തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ചുമതലപ്പെടുത്തേണ്ടതെന്ന് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്.

ഒക്റ്റോബർ 27ൽ നടന്ന തെരഞ്ഞെടുപ്പിനു ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹെർസോഗ് ഇടതു-വലതു പക്ഷ പാർട്ടികളുമായി രണ്ടു തവണ കൂടിയാലോചനകൾ നടത്തിയെങ്കിലും നെതന്യാഹുവോ ഐസൻകോട്ടോ ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുകൾ നേടിയില്ല. ഐസൻ കോട്ടിനു പിന്തുണ പ്രഖ്യാപിച്ച അറബ് പാർട്ടിയായ റാമിന്‍റെ നേതാവ് മൻസൂർ അബ്ബാസ് ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം എന്ന ഐസൻകോട്ടിന്‍റെ ആവശ്യം ഇതു വരെ അംഗീകരിച്ചിട്ടില്ല.

ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ്.

ഇനി ഈ ആവശ്യം റാം പാർട്ടി അംഗീകരിച്ചാൽ പോലും ഐസൻകോട്ടിന്‍റെ ബ്ലോക്കിലെ മറ്റൊരു പാർട്ടിയായ വലതുപക്ഷ ഇസ്രയേൽ ബെയ്റ്റിനു, അറബ് പാർട്ടികളുടെ പിന്തുണയെ ആശ്രയിക്കുന്ന ഒരു സർക്കാരിൽ ഇരിക്കില്ലെന്ന് ആവർത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

മുൻ നെതന്യാഹു സഖ്യകക്ഷിയും വിമർശകനുമായ പാർട്ടി നേതാവ് അവിഗ്‌ഡോർ ലിബർമാൻ, 2023 ഒക്റ്റോബർ 7 ന് ഹമാസിനെ ഒരു "ഭീകര സംഘടന" എന്ന് വ്യക്തമായി നിർവചിക്കാൻ അറബ് പാർട്ടികൾ വിസമ്മതിച്ചതാണ് അറബ് പാർട്ടികളെ അംഗീകരിക്കാൻ കാരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഹെർസോഗ് നടത്തിയ കൂടിയാലോചനകളിൽതെരഞ്ഞെടുക്കപ്പെട്ട 67പേർ ഐസൻകോട്ടിനും 46 പേർ നെതന്യാഹുവിനെയും നിർദേശിച്ചു വോട്ടു ചെയ്തു. ഏഴു പേർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.

അൾട്രാ-ഓർത്തഡോക്സ് ഒഴിവാക്കലുകൾ ഇങ്ങനെ

കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും നെതന്യാഹുവിനെ പിന്തുണച്ച യുണൈറ്റഡ് തോറ യൂദായിസം നെസെറ്റിലെ ഒരു അംഗത്തെയും സർക്കാർ രൂപീകരിക്കാൻ ശുപാർശ ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്. പ്രസിഡന്‍റ് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹുവിനയോ ഐസൻകോട്ടിനെയോ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ഈ പാർട്ടി നിലപാടു വ്യക്തമാക്കിയത്.

എന്നാൽ നെതന്യാഹു-ഐസൻകോട്ട് ഐക്യ മുന്നണി ഭരണത്തിൽ വരണം എന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ പലയിടത്തും പ്രകടനങ്ങൾ നടന്നു. ഇസ്രയേൽ അറബികൾ ഭരിക്കേണ്ടെന്നും അത് ജൂതന്മാർ മാത്രം ഭരിച്ചാൽ മതിയെന്നും ആവശ്യപ്പെട്ടുള്ള നിരവധി പ്രകടനങ്ങളും ഇസ്രയേലിന്‍റെ തെരുവുകളിൽ ഇപ്പോൾ നടക്കുന്നു. രണ്ടു ബ്ലോക്കിനും ഭരിക്കാനാവശ്യമായ സീറ്റുകൾ കിട്ടിയില്ലെങ്കിൽ വീണ്ടും ഇലക്ഷൻ നടത്തേണ്ടി വരും.