ട്രംപ്
ന്യൂയോർക്ക്: ഇറാൻ യുദ്ധത്തിനെതിരേ സ്വന്തം രാജ്യത്ത് എതിർപ്പ് ശക്തമാകുന്നതിനിടെ ആഗോള തലത്തിൽ അമെരിക്കൻ സൈനിക ശക്തി വൻ തോതിൽ ഉപയോഗിക്കുമെന്ന വിപുലമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും സമാനതകളില്ലാത്ത സൈനികബലം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്.
ഇതിന് ഒരു തെളിവാണ് വെനസ്വേലയിലെ യുഎസ് ഇടപെടൽ. മയക്കുമരുന്ന് മാഫിയകളെ ‘പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഐസിസ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, മെക്സിക്കോ അതിർത്തി മയക്കുമരുന്ന് സംഘങ്ങളുടെ നിയന്ത്രണത്തിലാകുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമെ ക്യൂബൻ ഭരണകൂടം ഉടൻ വീഴുമെന്നും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്താൻ ക്യൂബ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്‍റെ ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ക്യൂബൻ സംഘം യു.എൻ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇറാൻ യുദ്ധത്തെച്ചൊല്ലി സ്വന്തം പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ നിന്നും ജനങ്ങളിൽ നിന്നും കടുത്ത വിമർശനം നേരിടുമ്പോഴും, അമേരിക്കയുടെ കരുത്ത് പ്രകടിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സന്ദേശമാണ് ട്രംപ് യുഎൻ വേദിയിൽ നൽകിയത്.